തിരുവനന്തപുരം: തിരുവനന്തപുരത്തെ  നിർമ്മൽ കൃഷ്ണ ചിട്ടിത്തട്ടിപ്പ് നടന്ന് മൂന്നര വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിൽ പ്രതിഷേധവുമായി നിക്ഷേപകർ. പണം നഷ്ടമായ നിക്ഷേപകർ പാറശ്ശാല ഗാന്ധിപാർക്കിന് മുന്നിൽ പ്രതിഷേധ ധ‌ർണ്ണ നടത്തി. തിരുവനന്തപുരം പാറശാല കേന്ദ്രീകരിച്ച് നടന്ന ചിട്ടിത്തട്ടിപ്പിലെ ഇരകളാണ് സമരവുമായി രംഗത്തെത്തിയത്. പാറശാലയിലെ ഗാന്ധി പാർക്കിന് മുന്നിലായിരുന്നു പ്രതിഷേധ ധർണ്ണ.  

രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെ ധർണ്ണ തുടർന്നു.  തിരുവനന്തപുരം പാറശ്ശാല കേന്ദ്രീകരിച്ച്  2017ലാണ് 500  കോടിയിലധികം രൂപയുടെ ചിട്ടിതട്ടിപ്പ്  നടന്നത്. ചിട്ടിനടത്തിയ കെ നിർമ്മലൻ മുങ്ങിയതോടെയാണ് നിക്ഷേപകർക്ക് പണം നഷ്ടമായത്. പതിമൂവായിരത്തിലധികം  പേരാണ് തട്ടിപ്പിന് ഇരയായത്. പതിനായിരം മുതൽ ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. 

നിർമലന്‍റെ തമിഴ്നാടിലും കേരളത്തിലുമുളള സ്വത്തുവകകൾ സർക്കാർ കണ്ടെടുത്ത് നഷ്ടമായ പണം തിരികെ നൽകാനാണ്  മധുര കോടതി ഉത്തരവിട്ടത് . എന്നാൽ മൂന്നരവർഷം പിന്നിട്ടിട്ടും  ഇത് നടപ്പായില്ല.   നിക്ഷേപകരിൽ കൂടുതൽപ്പേരും ഇപ്പോഴും കടക്കെണിയിലാണ്. കൂട്ടത്തിൽ ചിലർ ആത്മഹത്യ ചെയ്തു. നിയമപരമായ നടപടിയുണ്ടായില്ലെങ്കിൽ  പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട്  പോകാനാണ് നിക്ഷേപകരുടെ തീരുമാനം.