തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അളവുതൂക്ക ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി ശുപാർശ ഉടൻ സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ‍ അറിയിച്ചു. ഓട്ടോറിക്ഷ മീറ്റര്‍, അളവ്തൂക്ക് ഉപകരണങ്ങള്‍,എന്നിവ സര്‍ക്കാര്‍ നിശ്ചയിച്ച തുകയിലും കൂടുതല്‍  ഈടാക്കി ഏജന്‍സികള്‍ മുഖേന സീല്‍ ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. 

അളവുതൂക്ക ഉദ്യോഗസ്ഥര്‍ പണം വാങ്ങി ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നുംവിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന് പരാതി കിട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ പ്രവര്‍ത്തന്‍ എന്ന പേരില്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം കൈമനം, മലപ്പുറം പെരിന്തല്‍മണ്ണ,കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവടങ്ങളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതും ക്യാഷ്ബുക്ക് പ്രകാരമുള്ള തുക അതാത് ദിവസം ട്രഷറിയില്‍ അടക്കാത്തതും കണ്ടെത്തി. പാലാ ലീഗല്‍ മെട്രോളജി ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധനക്ക് എത്തിയതിന് ശേഷമാണ് ഓഫീസ് തന്നെ തുറന്നത്. പത്തനംതിട്ടയില്‍ ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യമില്ലാതെയാണ് ഓട്ടോറിക്ഷ മീറ്റര്‍ ടെസ്റ്റ് നടന്നതെന്നും കണ്ടെത്തി. 

ഇതോടൊപ്പം സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ ഓപ്പറേഷന്‍ സുരക്ഷ എന്ന പേരിലും ഇന്ന് വിജലന്‍സ് പരിശോധന നടന്നു. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റിയും സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.