ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് 14 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ ക്ലർക്ക് സംഗീതിൻ്റെ സുഹൃത്ത് അനിൽകുമാറും അറസ്റ്റിലായി. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ഭൂമി വാങ്ങിക്കൂട്ടിയതായി കണ്ടെത്തി.
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ മുഖ്യപ്രതി ക്ലർക്ക് സംഗീതിൻ്റെ സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാറും അറസ്റ്റിൽ. ക്ഷേമനിധി പണം വീടുവയ്ക്കാനായി കോൺട്രാക്ടർ അനിലിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി വാങ്ങികൂട്ടി. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി.
ലോട്ടറി ക്ഷേമനിധി ബോർഡിൽ ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14 കോടി രൂപയാണ് തട്ടിയെടുത്തത്. സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻറ് ചെയ്തിരുന്നു. ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.
