ധനകാര്യ പരിശോധന വിഭാഗത്തിന്റേതാണ് കണ്ടെത്തൽ
തിരുവനന്തപുരം: തിരുവനന്തപുരം കല്ലാർ ഇക്കോ ടൂറിസം പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ്. ധനകാര്യ പരിശോധന വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. ഡിഎഫ്ഓ പ്രദീപ് കുമാർ, മുൻ റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി എന്നിവർ വ്യാപക ക്രമക്കേട് നടത്തിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
പരുത്തിപ്പള്ളി ഡിവിഷനിലെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കാണിച്ചിട്ടുള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കോ ടൂറിസം കേന്ദ്രത്തിൽ പെയിൻ്റടിച്ചതിന്റെ ബില്ലുകള്‍ കാണുന്നില്ല. കൂടാതെ, വനസംരക്ഷണ സമിതിക്കായി തയ്പ്പിച്ച യൂണിഫോമുകള്‍ കാണാനില്ല. മുൻ റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ ഓഫീസിൽ ഒപ്പിടാതെ ശമ്പളം കൈപ്പറ്റിയെന്നും തേക്ക് നഴ്സറി പദ്ധതിക്കായി അനുവദിച്ച പണം ചെലവാക്കിയതിൽ രേഖകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ സമർപ്പിച്ചത് പേരും മേൽവിലാസവുമില്ലാത്ത വൗച്ചറുകളാണ്. സർക്കാരിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും ക്രമക്കേടുകളിൽ വനം വിജിലൻസ് അന്വേഷണം നടത്തി നടപടിയെടുക്കമണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടു.
പരുത്തിപ്പള്ളി റെയ്ഞ്ചിലെ ധന വിനിയോഗത്തെയും നിർമാണ പ്രവർത്തികളെയും സംബന്ധിച്ച് നേരത്തെ തന്നെ വലിയ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് വനംവകുപ്പിന്റെ വിജിലൻസ് വിഭാഗവും ഇന്റലിജൻസ് വിഭാഗവും ഈ ആരോപണങ്ങൾ അന്വേഷിച്ചിരുന്നു. ഇതിൽ ചില ഉദ്യോഗസ്ഥർ സസ്പെൻഷനിലും പോയിരുന്നു. ഈ ഗുരുതര ക്രമക്കേടുകളെ സംബന്ധിച്ച് പരാതി സംസ്ഥാന സർക്കാരിന് ലഭിച്ചപ്പോഴാണ് ധനകാര്യ പരിശോധന വകുപ്പിനെ കൊണ്ട് അന്വേഷണം നടത്തിയത്. കല്ലാർ ഇക്കോ ടൂറിസം പദ്ധതിയിൽ വിവിധങ്ങളായ നിർമാണ പ്രവർത്തികൾ നടന്നിരുന്നു. ഇതിൽ സാമ്പത്തികമായിട്ടുള്ള ചട്ട ലംഘനവും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

