തിരുവനന്തപുരം: ഡിവെഎഫ്ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദമാകുന്നു. കുളത്തുപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ പ്രവര്‍ത്തകനാണോയെന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ മറുപടിയാണ് ചര്‍ച്ചയാവുന്നത്. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

കൊവിഡ് സർട്ടിഫിക്കറ്റിനായി സഹായം തേടിയ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭരതന്നൂരിലെ വാടകവീട്ടിൽ എത്തിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്യുകയായിരുന്നു. കൂടാതെ കൈയ്ക്ക് ആരോഗ്യ പ്രശ്‍നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്‍റെ പരിചയത്തിലുളള ഡോക്ടറെ കാണാൻ സഹായം ചെയ്യാമെന്നും ഇയാൾ പറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്.

"

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്. വീട്ടിൽ തനിച്ചായിരുന്ന ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പിടിച്ച് തളളിയിടുകയും ചെയ്തു. കാലുകൾ കട്ടിലിന്‍റെ കാലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. ഇയാൾ മദ്യലഹരിയായിരുന്നുവെന്നാണ് വിവരം.

പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടിൽ ഒറ്റക്ക് കഴിയുകയായിരുന്നു. കുളത്തൂപ്പുഴ സ്വദേശിയായ യുവതി വെളളറടയിലെ സുഹൃത്തിന്‍റെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പാങ്ങോട് പൊലീസ് ഇന്നലെ ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍  പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.