റിയാസ് അബൂബക്കർ സ്വയം ചാവേർ ആകാൻ തീരുമാനിച്ചിരുന്നതായി എൻഐഎ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ അഞ്ച് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയുടേതാണ് നടപടി. റിയാസ് അബൂബക്കർ സ്വയം ചാവേർ ആകാൻ തീരുമാനിച്ചിരുന്നതായി എൻഐഎ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.

ശ്രീലങ്കൻ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമിന്‍റെ ആരാധകനായ റിയാസിന്‍റെ കൂടുതൽ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്യൽ തുടരേണ്ടതുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റിയാസ് പിടിയിലായത്. കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകൾ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 കേരളത്തിൽ ചാവേർ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിമിന്റെ ആരാധകൻ ആയിരുന്നു റിയാസെന്നും എന്‍ഐഎ അറിയിച്ചിരുന്നു. കൊച്ചിയിലടക്കം പ്രധാന വിനോദസ‌ഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്ക‍ർ എൻഐഎക്ക് മൊഴി നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്.