Asianet News MalayalamAsianet News Malayalam

'ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഉടൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിൽ': ഇസ്രൊ ചെയർമാൻ

'ഗഗൻയാൻ ദൗത്യസംഘത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് പേരും മികച്ച പരിശീലനം കിട്ടിയവരാണ്. പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സ്പേസ് സ്റ്റേഷന്റ ഡിസൈൻ തയ്യാറാക്കുന്നത് അവസാനഘട്ടത്തിലെത്തി നിൽക്കുന്നു'

isro chairman s somanath about gaganyaan mission asianet news exclusive apn
Author
First Published Feb 28, 2024, 8:48 AM IST

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025ൽ ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തും. ആദ്യ ആളില്ലാ ദൗത്യം ഈ വർഷം ജൂലൈ മാസത്തോടെയുണ്ടാകും. അടുത്ത വർഷം രണ്ട് ആളില്ല ദൗത്യങ്ങൾ കൂടി നടത്തുമെന്നും ഇസ്രോ ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

'ഗഗൻയാൻ ദൗത്യസംഘത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് പേരും മികച്ച പരിശീലനം കിട്ടിയവരാണ്. പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സ്പേസ് സ്റ്റേഷന്റ ഡിസൈൻ തയ്യാറാക്കുന്നത് അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. നാസയുമായി സഹകരിച്ചുളള ബഹിരാകാശ പദ്ധതിയും അവസാനഘട്ടത്തിലാണ്. നാസ ദൗത്യത്തിനുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ തിരുമാനിച്ചു'. ഈ ദൗത്യം ഉടൻ നടക്കുമെന്നാണ് പ്രതീക്ഷയെന്നും എസ്. സോമനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആദ്യ ഗഗൻയാൻ മനുഷ്യ ദൗത്യത്തിൽ രണ്ട് സഞ്ചാരികളാണ് പരമാവധി ഉണ്ടാകുക. കന്നി ദൗത്യത്തിൽ ഒരു സഞ്ചാരിയെ മാത്രമയക്കുന്നതും പരിഗണനയിലാണ്. തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാൾ ഗഗൻയാൻ യാത്രയ്ക്ക് മുമ്പ് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കും. 

ഗഗൻയാൻ ദൗത്യത്തിലെ മലയാളിത്തിളക്കം 

ഇന്ത്യൻ വ്യോമസേനയിലെ എറ്റവും മികച്ച പൈലറ്റുമാരിൽ നിന്നാണ് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ ഐഎസ്ആ‌ർഒ തെരഞ്ഞെടുത്തത്. സുഖോയ്, മിഗ് യുദ്ധ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണ് നാല് പേരും, കൂട്ടത്തിലെസീനിയറായ മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ 25 വർഷമായി വ്യോമസേനയുടെ ഭാഗമാണ്. അകത്തേത്തറ എൻഎസ്എസ് കോളേജിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരിക്കെയാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം നേടിയ പ്രശാന്ത് എറ്റവും മികച്ച കേഡറ്റിനുള്ള സ്വോർഡ് ഓഫ് ഓണറുമായാണ് 1998ൽ അക്കാദമിയിൽ നിന്ന് പുറത്തിറങ്ങിയത്.  ഫൈറ്റർ പൈലറ്റായി സൈനിക സേവനം തുടങ്ങി. ഡ്രോണിയർ വിമാനങ്ങളിൽ തുടങ്ങി, മിഗ് 21, മിഗ് 29 ,  സുഖോയ് 30 യുദ്ധവിമാനങ്ങളിലേക്ക് വളർന്നു. സുഖോയ് 30 വിമാനങ്ങളുടെ ഒരു സ്ക്വാഡിനെ നയിച്ചു.മൂവായിരം മണിക്കൂറിലധികം പറന്നതിന്റെ അനുഭവ സമ്പത്ത് കൂടിയാണ് പ്രശാന്ത് ഗഗൻയാൻ സംഘത്തിന് സംഭാവന ചെയ്യുന്നത്.

 

 

 

 

 


 

Follow Us:
Download App:
  • android
  • ios