പേട്ട സി.ഐ ആയിരുന്ന എസ്. വിജയന്‍ ആണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ആണ്

തിരുവനന്തപുരം: ഐഎസ്ആർഒ ചാരകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. സിബിഐ കേസിൽ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ സിബി മാത്യൂസിനെയും ആര്‍ ബി ശ്രീകുമാറിനെയും പ്രതി ചേർത്ത്, സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. കേരളാ പൊലീസ്, ഐബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. 

പേട്ട സി.ഐ ആയിരുന്ന എസ്. വിജയന്‍ ആണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ആണ്. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതാണ്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി. ആര്‍ രാജീവന്‍, എസ്ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്. പ്രതികള്‍ക്ക് എതിരെ ഗൂഢാലോചനയ്ക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തു. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്.ഐ.ആര്‍ പറയുന്നു. 

സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. ഐഎസ്ആർഒ ചാരക്കേസിൽ ഇരയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പരാതികൾ ശരിവെക്കുന്ന തരത്തിലാണ് സിബിഐ പ്രഥമ വിവര റിപ്പോർട്ട്. നമ്പി നാരായണനെ താൻ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഒന്നാം പ്രതി എസ് വിജയൻ പ്രതികരിച്ചു

സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്.ദില്ലി സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റാണ് കേസന്വേഷിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച് എഫ്ഐആറിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചു. നേരത്തെ നമ്പിനാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona