കട ബാധ്യതയെ തുടർന്ന് ലൈഫ് മിഷൻ വഴി ലഭിച്ച വീട് വിൽപനയ്ക്ക് വെച്ച് കാഴ്ചപരിമിതിയുള്ള നൗഷാദും കുടുംബവും

തിരുവനന്തപുരം: കട ബാധ്യതയെ തുടർന്ന് ലൈഫ് മിഷൻ വഴി ലഭിച്ച വീട് വിൽപനയ്ക്ക് വെച്ച് കാഴ്ചപരിമിതിയുള്ള നൗഷാദും കുടുംബവും. തങ്ങളുടെ മക്കളുടെ സ്വപനങ്ങൾ തെരുവിലേക്ക് എറിയപ്പെടാതിരിക്കാൻ ഇവർക്ക് സുമനസ്സുകളുടെ കൈത്താങ്ങ് ആവശ്യമാണ്. കാഴ്ച തടസ്സങ്ങൾക്കിടയിലും കുടുംബം നോക്കാൻ പാടുപ്പെടുകയാണ് നൗഷാദ്. നൗഷാദിന്‍റെ ഭാര്യക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകാൻ സാധിക്കുന്ന അവസ്ഥയിലല്ല. സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് മക്കളാണിവർക്കുള്ളത്. ചികിത്സക്കും മക്കളുടെ പഠനത്തിനുമായി വാങ്ങിയ കടവും പലിശയും പെരുകിയതോടെ, തല ചായ്ക്കാൻ സർക്കാരിൽ നിന്ന് കിട്ടിയ ഒരോയൊരു തണലും വിറ്റഴിക്കേണ്ട അവസ്ഥയിലാണിവർ.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലൈഫ് മിഷന്‍റെ തണലിൽ പൂവച്ചൽ സ്വദേശി നൗഷാദിന് രണ്ട് വർഷം മുമ്പ് വീടൊരുങ്ങിയത്. ലോട്ടറി കച്ചവടത്തിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നൗഷാദിന് ഒന്നിനും തികയുന്നില്ല. ഇന്ന് കടവും അതിന്‍റെ പലിശയും കയറി പരിതാപകരമായ അവസ്ഥയിലാണ്. കയ്യിലുള്ള ഒരേയൊരു വീടും നഷ്ടപ്പെട്ടാൽ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭയത്തിലാണ് ഇവർ.