ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതൽ 4.7 ഡിഗ്രി വരെ താപനില ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതൽ 4.7 ഡിഗ്രി വരെ താപനില ഉയർന്നിട്ടുണ്ട്. പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുണ്ട്.
ഈ കാലവർഷ സീസൺ അവസാനത്തോട് അടുക്കുന്നു. ഇടവേളയിട്ട് മഴ മാറിനിൽക്കുന്നു. വേനൽക്കാലമോ എന്ന് തോന്നിപ്പിക്കും വിധം പൊള്ളി കേരളം. ശനിയാഴ്ച പുനരൂലിൽ 36.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണിത്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്നു. യുവി ഇൻഡക്സ് ഏഴ് മുതൽ എട്ട് വരെയായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ കുറഞ്ഞു. ഈ സീസണിൽ 24 ശതമാനമാണ് സംസ്ഥാനത്ത് മഴ കുറവ്. വയനാട്ടിൽ മാത്രം 52 ശതമാനം മഴ കുറഞ്ഞു. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് ഉള്ളത്. തുടർച്ചയായ ശക്തമായ മഴയ്ക്ക് ഈ സീസണിൽ ഇനി സാധ്യതയില്ല. തുലാവർഷ സീസണിൽ മെച്ചപ്പെട്ട മഴ കിട്ടിയില്ലെങ്കിൽ അടുത്ത വർഷം കേരളത്തിന് കടുപ്പമാകും.
കേരളം വിയര്‍ത്ത് കുളിക്കും
വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. നിയന്ത്രണ മുന്നറിപ്പായാണ് കെഎസ്ഇബി നൽകുന്നത്.


