പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കർശന നിബന്ധനകളോടുകൂടിയാണ് ജാമ്യം നല്‍കിയത്

ദില്ലി: കൊച്ചിയിലെ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി. വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വ്യാഴാഴ്ച വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വേണുവിന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി മുപ്പതു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന വേണുവിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ.ടി കമ്പനിയിലെ ജീവനക്കാരായ മൂന്നു പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും വേണുവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ് വേണു ഗോപാലകൃഷ്ണന്‍ അഡ്വ. മുകുള്‍ റോത്തഗി , അഡ്വ. തോമസ്. ജെ. ആനക്കല്ലുങ്കല്‍,പി വിഷ്ണു എന്നിവര്‍ മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.

ലൈംഗിക പീഡന പരാതി വ്യാജമാണെന്നും പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി മുപ്പതു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കേസു നല്‍കിയതിലുള്ള വൈരാഗ്യമാണ് ഈ കേസിന് കാരണമെന്നും വേണു ഗോപാലകൃഷ്ണന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസിൽ മധ്യസ്ഥതയ്ക്ക് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പരാതിക്കാരി എതിർത്തു. തുടർന്ന് മൂൻകൂർ ജാമ്യത്തിൽ വാദം കേൾക്കുകയാണുണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരയെ സ്വാധിനീക്കരുത് അന്വേഷണവുമായി സഹകരിക്കണം അടക്കം നിബന്ധനകളുമുണ്ട്.

YouTube video player