Asianet News MalayalamAsianet News Malayalam

Kerala Rains| ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ ശക്തമാകും, ജലനിരപ്പുയ‍ർന്ന ഡാമുകൾ തുറന്ന് പ്രളയഭീതി ഒഴിവാക്കും

സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്

It may heavy rain across kerala tomorrow, no rain alert today
Author
Thiruvananthapuram, First Published Oct 19, 2021, 12:39 AM IST

തിരുവനന്തപുരം: കനത്തമഴയെ (Kerala Rains) തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു. ഇന്നലെ വൈകിട്ടോടെ രണ്ട് അണക്കെട്ടുകൾ തുറന്നിരുന്നു. കക്കി, ഷോളയാർ ഡാമുകളാണ് (kakki dam,Sholayar dam) തിങ്കളാഴ്ച തുറന്നത്. ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ (Idukki dam, Idamalayar dam, Pampa dam) ഇന്ന് തുറക്കാനാണ് തീരുമാനം.

രാവിലെ അഞ്ചരയോടെ പമ്പ ഡാമും തുറക്കുമ്പോൾ ആറുമണിക്കാണ് ഇടമലയാർ തുറക്കുന്നത്. പതിനൊന്ന് മണിയോടെ ഇടുക്കി ഡാമും തുറക്കും. ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.

അതേസമയം ഇന്നും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലാത്തതാണ് ആശ്വാസം. പക്ഷെ നാളെ( ബുധൻ) മുതൽ മഴ വീണ്ടും ശക്തമാകുമെന്നത് കണക്കിലെടുത്താണ് ഡാമുകൾ തുറക്കുന്നത്.

ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ  ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്.

ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ  നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios