Asianet News MalayalamAsianet News Malayalam

മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് മരണം

മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി മരണം മൂന്നായിരിക്കുകയാണ്. കരിപ്പൂരില്‍ വീട് തകർന്ന് രണ്ട് കുട്ടികളും കൊല്ലം തെന്മല നാഗമലയില്‍ വയോധികന്‍ തോട്ടില്‍ വീണും മരിച്ചു. 

It may heavy rain across kerala two children died in Karipur
Author
Trivandrum, First Published Oct 12, 2021, 10:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന് (heavy rain) മുന്നറിയിപ്പ്. അറബികടലിൽ രൂപംകൊണ്ട ചക്രവാതചുഴി അടുത്ത രണ്ടുദിവസം കൂടി നിലനിൽക്കും. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളയോടെ ന്യൂനമർദം (Low pressure) രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുന്നതോടെ സംസ്ഥാനത്ത് 16 വരെ മഴ തുടരും. നാളെ തെക്കൻ കേരളത്തിൽ ഗ്രീൻ അലർട്ടും മധ്യകേരളത്തിൽ ഓറഞ്ച് അലർട്ട് വടക്കൻ കേരളത്തിൽ യെല്ലോ അലർട്ടുമാണ്. 

മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി മരണം മൂന്നായി. കരിപ്പൂരില്‍ വീട് തകർന്ന് രണ്ട് കുട്ടികളും കൊല്ലം തെന്മല നാഗമലയില്‍ വയോധികന്‍ തോട്ടില്‍ വീണും മരിച്ചു. തിരുവനന്തപുരം ജില്ലയിൽ രാത്രി മുഴുവൻ മഴ തുടർന്നു. പേപ്പാറ ഡാമിന്‍റെ നാലു ഷട്ടറുകളും ഉയർത്തി. അരുവിക്കര ഡാമിന്‍റെ ആറു ഷട്ടറുകളിൽ നാലെണ്ണം ഉയർത്തി. നെയ്യാർ ഡാമിന്‍റെയും നാല് ഷട്ടറുകൾ ഉയർത്തി. വിഴിഞ്ഞത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകുന്നത് വിലക്കി. 

കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിൻ്റെ മകൾ സുമയ്യ - അബു ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ വെള്ളം കയറി. മിഠായി തെരുവിലെ നിരവധി കടകളിൽ വെള്ളം കയറി. നടക്കാവ് കാട്ടുവയൽ കോളനിയിൽ 40 ലധികം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ ഒന്നുമായില്ല. 

എറണാകുളം ഇടമലയാര്‍ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. രണ്ട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. ആലുവ ശിവക്ഷേത്രത്തിന്‍റെ 95 ശതമാനത്തോളം വെള്ളത്തിനടിയിലാണ്.  വെള്ളം കയറിയതിനെ തുടര്‍ന്ന് അതിരപ്പള്ളി റോഡ് അടച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. അട്ടപ്പാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാറ കഷ്ണങ്ങൾ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്. മഴ ശക്തമായി തുടർന്നാൽ ചുരത്തിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios