ഉദുമ സ്വദേശിയായ അബ്ദുൾ അഹദിനെ മർദ്ദിച്ച കേസിൽ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ ഗുരുതര ആരോപണം. ഇതൊരു മുൻകൂട്ടി ആസൂത്രണം ചെയ്ത ക്വട്ടേഷൻ ആക്രമണമാണെന്നും ഖാദർ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്നും പരാതിക്കാരൻ പറയുന്നു. പ്രതി സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്ന സാഹചര്യത്തിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
കാസർകോട്: ഉദുമ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പ്രമുഖ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ക്വട്ടേഷൻ ആക്രമണമാണെന്ന് മർദനമേറ്റ അബ്ദുൾ അഹദ് ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് ഖാദറിന്റെ ഉന്നത സ്വാധീനം മൂലമാണെന്ന് സംശയിക്കുന്നതായും അഹദ് പറഞ്ഞു. ഇതിനുപുറമെ, ഇൻഫ്ലുവൻസർ എന്ന നിലയിലുള്ള തന്റെ സൈബർ സ്വാധീനം ഉപയോഗിച്ച് ഖാദർ കരിപ്പൊടി തന്നെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അബ്ദുൾ അഹദ് വ്യക്തമാക്കി.
അതേസമയം പ്രതി ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി കാസർകോട് പൊലീസ് അയൽസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഗൾഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് പള്ളിക്കര സ്വദേശിയായ അബ്ദുൾ അഹദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും ഇരുമ്പുവടിയും പേനാക്കത്തിയും ഉപയോഗിച്ച് മാരകമായി ആക്രമിച്ചെന്നാണ് കേസ്. പ്രതികൾ തലയ്ക്കടിച്ചതായും പരാതിയിൽ പറയുന്നു. ഖാദർ കരിപ്പൊടിക്കെതിരെ പൊലീസിനെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ വിദ്യാനഗർ, കാസർകോട്, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.


