കൊല്ലം: കൊല്ലത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ട ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്‍റെ വിഷം കണ്ടെത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയാണെന്ന് വ്യക്തമായത്. രാസപരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നുവെന്ന മൊഴി ശരിവെക്കുന്നതാണ് രാസപരിശോധനാ ഫലവും. 

ഉത്ര വധക്കേസിൽ പരസ്യമായി ഭർത്താവ് സൂരജ് കുറ്റമേറ്റിരുന്നു. അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റം സമ്മതിച്ചത്. രണ്ട് തവണയാണ് ഉത്രയെ കൊല്ലാൻ സൂരജ് പാമ്പിനെ വാങ്ങിയത്. മാർച്ച് 2-നും മാർച്ച് 26-നുമാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ സൂരജ് ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തില്‍ ഉത്ര കൊല്ലപ്പെടുകയായിരുന്നു.  

കേസിൽ സൂരജിന്‍റെ അച്ഛൻ റിമാൻഡിലാണ്. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്യും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read More: 'ഞാനാ ചെയ്തത്', ഉത്രയെ കൊന്നത് താനെന്ന് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് സൂരജ്