ജോലികൾ മുഴുവൻ പൂർത്തിയാക്കിയ ശേഷം മാത്രം പാലം ഗതാഗതത്തിനായി തുറന്നാൽ മതിയെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്‍റെ നിർദ്ദേശം
കൊച്ചി: പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം തുറക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വന്നേക്കും. ജോലികൾ മുഴുവൻ പൂർത്തിയാക്കിയ ശേഷം മാത്രം പാലം ഗതാഗതത്തിനായി തുറന്നാൽ മതിയെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്‍റെ നിർദ്ദേശം.
മുകൾ ഭാഗത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലം താൽക്കാലികമായി തുറന്നു കൊടുക്കാനാണ് ആർബിഡിസികെ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, ഇത് ഗുണകരമാകില്ലെന്നാണ് വിദഗ്ദ്ധ സംഘത്തിന്‍റെ അഭിപ്രായം. കഴിഞ്ഞ ദിവസം പണികൾ വിലയിരുത്താൻ ആർബിഡിസികെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
ഈ യോഗത്തിൽ അറ്റകുറ്റ പണികൾക്ക് വേണ്ട ഉപദേശം നൽകുന്ന ചെന്നൈ ഐഐടിയിലെ പ്രൊഫ. അളക സുന്ദര മൂർത്തിയും പങ്കെടുത്തു. മുകൾ ഭാഗത്തെ പണികൾ മാത്രം പൂർത്തിയാക്കിയാൽ പോരെന്നാണ് അദ്ദേഹം നൽകിയ ഉപദേശം. പാലത്തിന്‍റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലികളാണ് പ്രധാനമായിട്ടുള്ളത്.
അതുകൂടി പൂർത്തിയാക്കണം. ഈ ജോലികൾക്ക് ആവശ്യമായ സാധനങ്ങൾ യഥാസമയത്ത് നിർമ്മാണ ചുമതലയുള്ള ആർഡിഎസ് കന്പനി എത്തിക്കാത്തതും പണികൾ വൈകാൻ കാരണമാകുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ പണികൾ പൂർത്തിയാകാൻ അറു മാസമെങ്കിലും വേണ്ടി വരും.
ഇതിനിടെ പതിനഞ്ച് ദിവസത്തിനകം പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്ന് ആർബിഡിസികെ അറിയിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എംഎൽഎ പിടി തോമസ് പറഞ്ഞു. രണ്ടാം ഘട്ട ജോലികൾ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ചെന്നൈ ഐഐടി തയ്യാറാക്കി വരികയാണ്. വിവിധ തരത്തിലുള്ള ബലപ്പെടുത്തൽ ജോലികളാണ് രണ്ടാം ഘട്ടത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.
മേൽപ്പാലം തകർത്ത് പുതിയത് നിർമ്മിക്കേണ്ടെന്നാണ് ഐഐടിയുടെ അഭിപ്രായം. ഇക്കാര്യം ചെന്നൈയിൽ നിന്നുള്ള വിദഗ്ദ്ധർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ പാലം പണിയിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം ആർബിഡിസികെ, കിറ്റ്കോ തുടങ്ങിയവയിലെ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്.
