'ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റാണ്. സിപിഎമ്മും സിപിഐയും ഒപ്പം പ്രവർത്തിക്കുകയാണ്. പഴയ കാര്യങ്ങൾ തേടിപ്പിടിച്ച് പറയേണ്ട അവസരമല്ലിത്. അങ്ങനെ പറയുവാനാണേൽ രണ്ട് കൂട്ടർക്കുമുണ്ട്.'

കണ്ണൂർ : ചിന്ത- നവയുഗം വിവാദം തുടരാൻ താൽപര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ചിന്തയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. സിപിഐയുടെ ഭാഗത്ത് നിന്നും നവയുഗത്തിൽ ഇടപെടൽ ഉണ്ടാവണമെന്നും, വിവാദങ്ങൾ അനവസരത്തിലാണെന്നും കോടിയേരി പറഞ്ഞു. ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റാണ്. സിപിഎമ്മും സിപിഐയും ഒപ്പം പ്രവർത്തിക്കുകയാണ്. പഴയ കാര്യങ്ങൾ തേടിപ്പിടിച്ച് പറയേണ്ട അവസരമല്ലിത്. അങ്ങനെ പറയുവാനാണേൽ രണ്ട് കൂട്ടർക്കുമുണ്ട്. രണ്ട് കൂട്ടരുടേയും ബന്ധം ശക്തിപ്പെടുത്തേണ്ട അവസരത്തിൽ വിവാദം ആവശ്യമില്ല. വിവാദമവസാനിക്കാൻ സിപിഎം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പരസ്പരം പോരടിച്ച് ചിന്തയും നവയുഗവും

ആഴ്ചകളായി സിപിഎം രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്തയും സിപിഐ രാഷ്ട്രീയ പ്രസിദ്ധീകരണമായ നവയുഗവും ലേഖനങ്ങളിലൂടെ പരസ്പരം പോരാടാകുകയാണ്. ചിന്തയിൽ വന്ന തിരുത്തൽ വാദത്തിന്റെ ചരിത്രവേരുകൾ എന്ന ലേഖനത്തിലാണ് സിപിഐയെ സിപിഎം നിശിതമായി വിമർശിക്കുന്നത്. കമ്യുണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ട പാർട്ടിയായിരുന്നു സിപിഐ എന്നും സ്വന്തം സഖാക്കളെ ജയിലിൽ അടച്ചവർ സന്ദർഭം കിട്ടിയപ്പോഴൊക്കെ ബൂർഷ്വാ പാർട്ടികൾക്ക് ഒപ്പം അധികാരം പങ്കിട്ടുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു. സിപിഐക്കാർ റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗ്ഗവഞ്ചകർ എന്ന വിശേഷണം ചേരുന്നവരുമാണെന്നും ചിന്ത വിമർശിക്കുന്നു. 

ഇതോടെ ചിന്തക്ക് മറുപടിയുമായി സിപിഐയുടെ പ്രസിദ്ധീകരണമായ നവയുഗം രംഗത്തെത്തി. തെറ്റ് തിരുത്താത്ത പാർട്ടിയാണ് സിപിഎമ്മെന്നും നുണകളാണ് ചിന്ത പ്രചരിപ്പിക്കുന്നതെന്നും നവയുഗത്തിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ചിന്തയിലെ ആരോപണങ്ങൾക്ക് മറുപടിയെന്ന് വ്യക്തമായി പറഞ്ഞ് കൊണ്ടാണ് 'തിരിഞ്ഞു കൊത്തുന്ന നുണകൾ' എന്ന പേരിൽ സിപിഎമ്മിനെ കടന്നാക്രമിക്കുന്ന ലേഖനം. 

ചിന്തയിലെ ലേഖനത്തിൽ ഹിമാലയൻ വിഡ്ഢിത്തരങ്ങളാണെന്ന് നവയുഗം കുറ്റപ്പെടുത്തുന്നു. ശരിയും തെറ്റും അംഗീകരിക്കാൻ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. തെറ്റ് തുറന്നു പറയാതെ പഴയ തെറ്റുകളെ ന്യായീകരിക്കുന്നു പാ‍ർട്ടിയാണ് സിപിഎം. ലേഖനത്തിൽ ഇഎംഎസിനും പിളർപ്പിന് ശേഷമുള്ള അദ്ദേഹത്തിൻറെ നിലപാടുകൾക്കും എതിരെ രൂക്ഷ വിമർശനമാണുള്ളത്. നക്സൽബാരി പ്രസ്ഥാനം ഉടലെടുത്തതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനെന്ന് കുറ്റപ്പെടുത്തുന്ന ലേഖനം ഇക്കാര്യത്തിൽ സിപിഎം സ്വയം വിമർശനം നടത്തണമെന്നാവശ്യപ്പെടുന്നു. യുവാക്കൾക്ക് സായുധ വിപ്ലവ മോഹം മോഹം നൽകിയത് സിപിഎമ്മാണ്. ഇന്ത്യ- ചൈന യുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ജയിലിലാക്കി എന്ന വാദം തെറ്റാണ്. അറസ്റ്റിലായവരിൽ ജെ. ചിത്തരഞ്ജനും ഉണ്ണി രാജയും അടക്കം കേരളത്തിലെ18 സിപിഐ നേതാക്കൾ ഉണ്ടായിരുന്നു. ഇവരെ ആരാണ് ജയിലിലടച്ചത്. കൂട്ടത്തിൽ ഉള്ളവരെ വർഗവഞ്ചകർ എന്ന് വിളിച്ചത് ഇഎംഎസ് ആണെന്നും നവയുഗം വിമർശിക്കുന്നു.