Asianet News MalayalamAsianet News Malayalam

രാമക്ഷേത്രം: പ്രിയങ്ക ​ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ്, നാളെ അടിയന്തര നേതൃയോഗം

രാമക്ഷേ‍ത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേരത്തെ രംഗത്തെത്തിയിരുന്നു. 

iuml calls emergencey meeting to discuss the statement of priyanka gandhi
Author
Malappuram, First Published Aug 4, 2020, 3:11 PM IST

പാണക്കാട്: രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയിൽ മുസ്ലീം ലീഗിനുള്ളിൽ അമർഷം. പ്രിയങ്കയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ നാളെ ദേശീയ ഭാരവാഹികളുടെ അടിയന്തരയോഗം മുസ്ലീം ലീഗ് വിളിച്ചു ചേർത്തിട്ടുണ്ട്. പാണക്കാട് ചേരുന്ന യോഗം നിലവിലെ സാഹചര്യവും തുടർനിലപാടും ചർച്ച ചെയ്യും.

രാമക്ഷേ‍ത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേരത്തെ രംഗത്തെത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച കമല്‍നാഥിന്‍റെയും ദിഗ്‍വിജയ് സംഗിന്‍റെയും നിലപാട് മതേതരവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നായിരുന്നു സമസ്തയുടെ വിമർശനം. 

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രതിച്ഛായയെന്ന എ.കെ ആന്‍റണി സമിതിയുടെ കണ്ടെത്തല്‍ തളളിക്കളയണമെന്നും മുഖപത്രമായ സുപ്രഭാതത്തിലെ എഡ‍ിറ്റോറിയലില്‍ സമസ്ത ആവശ്യപ്പെട്ടിരുന്നു.  മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരും  മുതിര്‍ന്ന കോണ്‍‌ഗ്രസ്  നേതാക്കളുമായ കമല്‍നാഥും ദിഗ്‍വിജയ് സിംഗും രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് യുഡിഎഫുമായും വിശേഷിച്ച് മുസ്ലീം ലീഗുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന സമസ്തയെ പ്രകോപിപ്പിച്ചത്. 

ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രം പണിയുന്നത് ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയെന്ന കമല്‍നാഥിന്‍റെ പരാമര്‍ശം ബാലിശമെന്ന് സുപ്രഭാതം എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. 17 കോടി മുസ്ലിങ്ങളുടെ ഹൃദയം കീറിമുറിച്ചാണ് ക്ഷേത്രത്തിന് തറയൊരുക്കുന്നതെന്ന് കമല്‍നാഥ് കാണാതെ പോയി. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നാണ് രാജീവ് ഗാന്ധിയും ആഗ്രഹിച്ചതെന്ന് ദിഗ്‍വിജയ് സിംഗ് പറയുന്നു. ഇത്തരമൊരു ആഗ്രഹം രാജീവ് ദിഗ്‍വിജയ് സിംഗുമായി പങ്കുവച്ചിരുന്നോ എന്ന് സമസ്ത ചോദിക്കുന്നു. 

രാഷ്ട്രീയ ലാഭത്തിനായാണ് രാജീവ് ഗാന്ധി ബാബറി മസ്ജിദ് തുറന്നുകൊടുത്തത്. എന്നാല്‍ നേട്ടം കൊയ്തതാകട്ടെ തീവ്ര ഹിന്ദുത്വ വക്താക്കളും. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊളളുന്നില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസ് മാഞ്ഞുപോകുന്ന കാലം വിദൂരമല്ലെന്നും സമസ്ത ഓര്‍മിപ്പിക്കുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ പ്രതിച്ഛായയെന്ന എ.കെ ആന്‍റണി സമിതിയുടെ റിപ്പോര്‍ട്ട് തളളിക്കളയണമെന്നും സമസ്ത ആവശ്യപ്പെട്ടു. സമസ്തയുടെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതികരിക്കട്ടെയെന്നാണ് ലീഗ് നിലപാട്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ സമസ്ത വിമര്‍ശനത്തോട് പ്രതികരിച്ചിട്ടില്ല.
 

Follow Us:
Download App:
  • android
  • ios