കോഴിക്കോട്: മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ മുഖം രക്ഷിക്കാൻ നടപടികൾ ആലോചിച്ച് മുസ്ലീം ലീഗ്. കമറുദ്ദീൻ വിഷയത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു.

കോഴിക്കോട്ടെ മുസ്ലീം ലീഗ് ആസ്ഥാനത്ത് നാളെ രാവിലെ 11 മണിക്കാണ് അടിയന്തര നേതൃയോഗം ചേരുക. കമറുദ്ദീനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഇതിനോടകം ഉയർത്തിയിട്ടുണ്ട്. കമറുദ്ദീനെ ഇനി എങ്ങനെ കൈകാര്യം ചെയ്യും എന്നതിൽ നാളെ ചേരുന്ന യോഗത്തിൽ ലീഗ് തീരുമാനമെടുക്കും.  

ആകെ 150-കോടിയോളം രൂപ നിക്ഷേപകരിൽ നിന്നായി കമറുദ്ദീനും സംഘവും പിരിച്ചെടുത്തു എന്നാണ് സൂചന. നിലവിൽ 35 കോടിയോളം രൂപ നിക്ഷേപിച്ച ആളുകൾ കമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ പരാതിയുമായി പൊലീസിൽ എത്തിയിട്ടുണ്ട്. കമറുദ്ദീൻ്റെ ആസ്തി വിറ്റ് കടം തീർക്കാൻ ലീഗ് ശ്രമം നടത്തിയെങ്കിലും ഒത്തുതീർപ്പ് ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട കല്ലട്ര മാഹിൻ ഹാജിക്ക് ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിയിലെ നാൽപ്പത് സെൻ്റ സ്ഥലത്തിൻ്റെ ആധാരം മാത്രമാണ് കണ്ടെത്താനായത്. ഇതു പോലും ഇദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ പേരിലാണ്. 

നിക്ഷേപകരിൽ നിന്നായി സമാഹരിച്ച കോടികളെല്ലാം എവിടെ പോയി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്താൻ കമറുദ്ദീനായിട്ടില്ല. കമറുദ്ദീൻ താമസിക്കുന്ന വീടിൻ്റെ ഹൌസിംഗ് ലോണ് പോലും ഇതുവരെ തീർന്നിട്ടില്ല. വേറെയെവിടെയങ്കിലും ഈ പണമെല്ലാം കമറുദ്ദീൻ നിക്ഷേപിച്ചതിനും തെളിവില്ല. തന്നെ മുന്നിൽ നിർത്തി കളിച്ചത് പൂക്കോയ തങ്ങളാണെന്നും തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് മുസ്ലീം ലീഗിലെ ചില നേതാക്കളെ കമറുദ്ദീൻ ധരിപ്പിച്ചിട്ടുള്ളത്. 

പാലാരിവട്ടം അഴിമതി കേസിൽ നിലവിൽ കളമശ്ശേരി എംഎൽഎയും മുൻമന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞ് വിജിലൻസ്, ഇഡി അന്വേഷണം നേരിടുന്നുണ്ട്. അഴീക്കോട് എംഎൽഎയായ കെഎം ഷാജിക്കെതിരേയും ഇതേ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് കമറുദ്ദീനെതിരായ കേസുകൾ ഉയർന്നു വന്നതും ഇപ്പോൾ അറസ്റ്റിലാവുന്നതും. സ്വർക്കടത്തും മറ്റു അഴിമതി കേസുകളും ഉപയോഗപ്പെടുത്തി സർക്കാരിനെതിരെ പോരാടുന്ന യുഡിഎഫിനും പ്രത്യേകിച്ച് മുസ്ലീംലീഗിനും കനത്ത ആഘാതമാണ് കമറുദ്ദീൻ്റെ അറസ്റ്റ് ഉണ്ടാക്കുന്നത്.