തിരുവനന്തപുരം: സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധി ലഭിച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാറിനെതിരെ ഒളിയമ്പെയ്ത് ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 'അഴിമതി മൂടിവച്ചാലല്ലേ, നാട് അഴിമതി രഹിതമാകൂ' എന്ന കുറിപ്പോടെ, മാധ്യമ വാര്‍ത്തയെ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. വൈറ്റില മേല്‍പ്പാലം സംബന്ധിച്ച വാര്‍ത്തയും കുറിപ്പുമാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മിനിറ്റുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണം ലഭിച്ചു. തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ നിരസിച്ചിരുന്നു.