സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തൃശ്ശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.
'ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേ. മണ്ഡലമേതെന്ന് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് എന്‍റെ കാര്യം. വികസനകാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയത് സർവീസിലിരിക്കുമ്പോഴാണ്'. ഇനി ജനങ്ങളുടെ സുഖദുഖങ്ങളിൽ ഭാഗമായി അവർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ വോട്ട് റേസ് പരിപാടിയോട് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
