Asianet News MalayalamAsianet News Malayalam

'സസ്പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ല, അന്നത്തെ ചീഫ് സെക്രട്ടറി', ജേക്കബ് തോമസ്

അന്നത്തെ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ ഉന്നംവച്ചാണ് ജേക്കബ് തോമസിന്‍റെ പരാമർശം. ബിജെപി മോശം രാഷ്ട്രീയപാർട്ടിയാണെന്ന് കരുതുന്നില്ലെന്നും തോറ്റ എംപിമാർക്ക് വരെ ഇന്ന് ശമ്പളമുള്ള സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിൽ എന്താണ് തെറ്റെന്നും ജേക്കബ് തോമസ്. 

jacob thomas opens up on suspension and politics
Author
Thiruvananthapuram, First Published Aug 2, 2019, 1:49 PM IST

തിരുവനന്തപുരം: തന്‍റെ സസ്പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ല, അന്നത്തെ ചീഫ് സെക്രട്ടറിയാണെന്ന് ജേക്കബ് തോമസ് ഐപിഎസ്. മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ല. തന്നെ ദ്രോഹിച്ചിട്ടുമില്ല. അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചു. ഇന്ന് കൂട്ടിൽ ഒരു തത്തയെങ്കിലുമുണ്ടോ? - ജേക്കബ് തോമസ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. അന്നത്തെ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ ഉന്നംവച്ചാണ് ജേക്കബ് തോമസിന്‍റെ പരാമർശങ്ങൾ. 

അഴിമതിയ്ക്ക് എതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന ആഗ്രഹമായിരുന്നു പലർക്കും. അതൊരു ചീഫ് സെക്രട്ടറി മാത്രമായിരുന്നില്ലെന്ന് ജേക്കബ് തോമസ് പറയുന്നു. 2017-ൽ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ തന്നെ സസ്‌പെൻഡ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമായിരുന്നു. എപ്പോഴും താക്കോൽ സ്ഥാനത്തുള്ള പല ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ചായ്‍വുണ്ട്. 

'വിരമിക്കണം, ബിജെപി മോശം പാർട്ടിയല്ല'

വിരമിക്കാൻ തന്നെയാണ് ആഗ്രഹം. അപേക്ഷയിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ജേക്കബ് തോമസ് പറയുന്നു. തോറ്റ എംപിമാർക്ക് വരെ ഇന്ന് ശമ്പളമുള്ള സഹചര്യത്തിൽ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിൽ എന്താണ് തെറ്റെന്നും ജേക്കബ് തോമസ് ചോദിക്കുന്നു. രാഷ്ട്രീയം നല്ല ജോലിയാണ്. തന്നെ നാണം കെടുത്താനാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി വന്നിട്ടും സസ്പെൻഷൻ തുടരുന്നതെന്ന് ജേക്കബ് തോമസിന്‍റെ ആരോപണം. 

Read More: ഉടൻ തിരിച്ചെടുക്കണമെന്ന് ജേക്കബ് തോമസ്: വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

ബിജെപി മോശം രാഷ്ട്രീയപാർട്ടിയാണെന്ന് കരുതുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ല. ജയ് ശ്രീറാം വിളി നിഷിദ്ധമായത് പോലെയാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. 'ജയ് ശ്രീറാം' എന്ന് കേൾക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഭയമുണ്ടാകേണ്ട കാര്യമില്ലെന്നും ജേക്കബ് തോമസ് ആവർത്തിക്കുന്നു. 

Read More: 'പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു'; ജേക്കബ് തോമസ്

Follow Us:
Download App:
  • android
  • ios