ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ദില്ലിയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കണ്ട ബാലഗോപാൽ ചോദിച്ചു

ദില്ലി: കേരളത്തിന് ലഭിക്കാനുള്ള പതിനേഴായിരം കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ വർഷം മാത്രം കേരളത്തിന് ലഭിക്കാനുള്ള പതിനേഴായിരം കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ബാലഗോപാൽ വ്യക്തമാക്കി. കേരളത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ദില്ലിയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കണ്ട ബാലഗോപാൽ ചോദിച്ചു.

കേരളത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ ഫണ്ട് വെട്ടൽ കാരണം കേരളം പ്രശ്നങ്ങൾ ഒരിക്കൽ കൂടി ധനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രം ആണ് ഇനി തീരുമാനം എടുക്കേണ്ടത്. ഐ ജി എസ് ടി പൂളിൽ നിന്നും തുകയുടെ കാര്യത്തിൽ കുറവ് വന്നു. ഇതിൽ മാത്രം 965 കോടിയാണ് കുറഞ്ഞത്. ഇത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി വിവരിച്ചു. തർക്കിക്കാനല്ല അവകാശപ്പെട്ടതാണ് ആവശ്യപ്പെടുന്നത്. ഏത് ന്യായം പറഞ്ഞാലും ഒരുമിച്ചു പിടിക്കുന്നത് ശരിയല്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

17000 കോടി വെട്ടി

കേരളത്തിനുള്ള കേന്ദ്ര ഫണ്ടിൽ 17000 കോടിയുടെ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. ഗുരുതരമായ പ്രതിസന്ധിയിൽ കേരളത്തെ പെടുത്താനുള്ള ശ്രമം നടത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. ഒരുമിച്ചു ഇത്ര തുക പിടിക്കുക ബുദ്ധിമുട്ട് ആണ്. തെരഞ്ഞെടുപ്പ് കാലം കൂടി ആണ് എന്നതിനാൽ തന്നെ കേന്ദ്ര നടപടി ഗൗരവത്തോടെ കാണണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. എൻ എച്ച് എ ഐ യ്ക്കുള്ള പണം പോലും പരിഗണിക്കുന്നില്ല. അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം തുടരുന്നത്. ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ എന്തു പാതകമാണ് ചെയ്തതെന്നും ധനമന്ത്രി ചോദിച്ചു. ഇതിൽ ബി ജെ പി നേതാക്കളുടെ നിലപാട് എന്താണെന്നും അദ്ദേഹം ആരാഞ്ഞു. യു ഡി എഫ് എന്ത് പ്രതികരണം നടത്തുന്നുവെന്നും ധനമന്ത്രി ചോദിച്ചു. കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലും ധനമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് അമിത ആത്മവിശ്വാസവും കാരണമായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം ഒരു പാഠമാണ്. ഇക്കാര്യങ്ങളെല്ലാം സംഘടനാതലത്തിൽ പരിശോധിക്കും. പോരായ്മകൾ ജനങ്ങൾക്കിടയിലേക്ക് പോയി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശതമാനം കണക്ക് പറഞ്ഞത് തിരുവനന്തപുരത്തെ കാര്യത്തിൽ മാത്രമാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് കോൺഗ്രസ് എടുത്തതെന്നും അദ്ദേഹം വിമർശിച്ചു. അങ്ങനെ പല പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും കാണാം. ഇത് ആരെയാണ് സഹായിക്കുന്നതെന്ന് കോൺഗ്രസ് പരിശോധിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കരോൾ സംഘങ്ങളെ ആക്രമിക്കുന്നത് കേരളം അംഗീകരിക്കില്ലെന്നും അത്തരം വർഗീയത ഒന്നും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബാലഗോപാൽ വിവരിച്ചു.