കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിനെതിരെ യാക്കോബായ വിശ്വാസികള്‍ നല്‍കിയ  ഹര്‍ജി സുപ്രീംകോടതി തള്ളി. മുളന്തുരുത്തി പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ ചോദ്യം ചെയ്തായിരുന്നു ഹർജി. 2017ലെ സുപ്രീംകോടതി വിധി മുളന്തുരുത്തി പള്ളിക്ക് ബാധകമാകില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അശോക്‌ ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

പള്ളി ഭരണം  ഇക്കഴിഞ്ഞ  ഓഗസ്റ്റ് 17നാണ് ജില്ലാ ഭരണകൂടം ഹൈക്കോടതി നിർദ്ദേശപ്രകാരം ഏറ്റെടുക്കുന്നത്. ക്രമസമാധാനം പ്രശനം ഒഴിവായാൽ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമൈാറമമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിടും നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഓർത്തഡോക്സ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചു.  തുടര്‍ന്ന് മുളന്തുരുത്തി മാർത്തോമൻ പള്ളി ഉടൻ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിടുകയായിരുന്നു.