'ഇന്നിനി അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്'.
കോട്ടയം : ശുഭ പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനം ആവശ്യപ്പെടുന്നതെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഫലം വരാൻ മിനിറ്റുകളേ ബാക്കിയുള്ളു. ഇന്നിനി അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്. ഇടതുപക്ഷ മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഐക്യത്തോടെയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്തതെന്നും ജെയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതുപ്പള്ളിയുടെ പുതിയ നിയമസഭാ പ്രതിനിധി ആരാകുമെന്ന് ഇനി മിനിറ്റുകൾക്കുള്ളിലറിയാം. എട്ടേ കാലോടെ തന്നെ ട്രെൻഡ് അറിയാൻ കഴിയും. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും.
എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി. എന്നാൽ ചിട്ടയായ സംഘടനാ സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ. പുതുപ്പള്ളി ഇത്തവണ മാറി ചിന്തിക്കുമെന്നും ജെയ്ക്കിനെ വിജയിപ്പിക്കുമെന്നുമാണ് ഇടത് ക്യാമ്പ് കണക്കുകൂട്ടുന്നത്. എന്നാൽ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവും സിപിഎം ഉയർത്തിയിരുന്നു. അതേ സമയം, പുതുപ്പള്ളിയില്‍ ഇക്കുറി നല്ല മത്സരം കാഴ്ചവച്ചെന്നാണ് ബിജെപി അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ഇത്തവണ നിലമെച്ചപ്പെടുത്തുമെന്നാണ് ബിജെപി പ്രതീക്ഷ.
