Asianet News MalayalamAsianet News Malayalam

'410 പേജ് നീളുന്ന ആത്മകഥയില്‍ ഒരു ഭാഗമുണ്ട്, അത് വായിക്കണം'; കോണ്‍ഗ്രസുകാരോട് ജെയ്ക്ക് 

'ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ലെന്നു ഒസ്യത്തിലെന്ന പോലെ എഴുതി വെച്ചിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷത്തിലെ ഏറ്റവും സമുന്നത നേതൃത്വത്തെ കുറിച്ച്, പിണറായി വിജയനെ കുറിച്ച്.'

jaick c thomas says about autobiography of Oommen Chandy joy
Author
First Published Sep 20, 2023, 8:55 PM IST

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ജെയ്ക്ക് സി തോമസ്. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ജെയ്ക്കിന്റെ ചോദ്യങ്ങള്‍. സോളാര്‍ കാലത്തെ വ്യക്തിഹത്യാ വേട്ടയുടെ നേതൃത്വം ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നു വരുത്തി തീര്‍ക്കാനുള്ള പൊതുബോധ നിര്‍മ്മാണ ശ്രമങ്ങളാണ് നടക്കുന്നതെന്നും ജെയ്ക്ക് പറയുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ എട്ടു കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് വ്യക്തിപരമായ ഒരു വാചകവും മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ജെയ്ക്ക് കുറിപ്പില്‍ പറയുന്നു. 

ജെയ്ക്ക് സി തോമസിന്റെ കുറിപ്പ്: ഈ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ..? ഫ്രാന്‍സ് ഫാനന്റെ റെച്ചഡ് ഓഫ് ദി ഏര്‍ത്തിനു എഴുതിയ ആമുഖത്തില്‍ ജീന്‍ പോള്‍ സാര്‍ത്ര് വായനയുടെ ലോകത്തോടുയര്‍ത്തുന്ന പ്രകോപനപരമായ ചോദ്യമാണിത്. പക്ഷെ ഇവിടെ ഈ ചോദ്യം ഒന്നാവര്‍ത്തിക്കുന്നത്  നമ്മുടെ കോണ്‍ഗ്രസ് സുഹൃത്തുക്കളോടാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീകമായ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ ആത്മകഥ വായിക്കുവാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന്.

ലോകത്തിന്റെ ചരിത്രത്തിലെ പഠനവിധയേമാവേണ്ട ഇടതുപക്ഷ വിരുദ്ധ പ്രചാരവേലയുടെ കാലത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഏറ്റവുമൊടുവിലത്തെ സൃഷ്ടിക്കപ്പെട്ട മുഖ്യധാരാ നരേട്ടീവുകളില്‍ ഒന്നാണ് സോളാര്‍കാലത്തെ വ്യക്തിഹത്യാ വേട്ടയുടെ നേതൃത്വം ഇടതുപക്ഷവും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നു വരുത്തി തീര്‍ക്കാനുള്ള പൊതുബോധ നിര്‍മ്മാണ ശ്രമങ്ങള്‍. കുടുംബം രക്ഷാകവചം എന്ന തലവാചകത്തോടെ ആരംഭിക്കുന്ന ആത്മകഥയുടെ ഏറ്റവുമൊടുവിലത്തെ ഭാഗത്തു പേജ് 398 -ല്‍ രണ്ടാം പാരഗ്രാഫില്‍ ഇങ്ങനെ പറയുന്നു.

''മകളുടെ ഭര്‍ത്താവിന്റെ വീടുമായി ബന്ധപെട്ട ചിലര്‍ ലഘുലേഖകള്‍ അച്ചടിച്ചു പ്രചരിപ്പിച്ചു. അതുമായി അവര്‍ വാര്‍ത്താസമ്മേളനം നടത്തി. ആരും അത് കാര്യമാക്കിയില്ല. അവര്‍ പിണറായി വിജയനെ ചെന്ന് കണ്ടു. അന്നദ്ദേഹം സിപിഐ.എം സംസ്ഥാന സെക്രട്ടറി ആണ്. അനൂകൂല പ്രതികരണം പ്രതീക്ഷിച്ചു ചെന്നവര്‍ നിരാശരായി എന്നാണ് ഞാന്‍ പിന്നീട് മനസിലാക്കിയത്. അന്ന് ഞാന്‍ പ്രതിപക്ഷ നേതാവാണ്. പിണറായി വിജയന്‍ പി ജയരാജനെ എന്റെ അടുത്തേക്ക് അയച്ചു. നിയമസഭയില്‍ ഞങ്ങള്‍ കണ്ടു. ഇത്തരം വൃത്തികേടുകള്‍ക്കു കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം എന്നെ അറിയിച്ചു.'' ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ലെന്നു ഒസ്യത്തിലെന്ന പോലെ എഴുതി വെച്ചിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷത്തിലെ ഏറ്റവും സമുന്നത നേതൃത്വത്തെ കുറിച്ച്, പിണറായി വിജയനെ കുറിച്ച്. അതില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരത്ഭുതവുമില്ല, കാരണം ഞങ്ങളുടെ വഴികള്‍ എന്തായിരിക്കണം എന്ന് ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങളുടെ പ്രസ്ഥാനമാണ്.

എന്ത് കൊണ്ട് പി ജയരാജന്‍ പോയി കണ്ടു എന്നൊരു ചോദ്യവും ഇവിടെ പ്രസക്തമാണ്. അതിനുള്ള മറുപടി വെളിവാക്കി തരുന്നത് കേരളത്തില്‍ ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയസമീപനങ്ങളെ തന്നെയുമാണ്. 2006-2011 വരെയുള്ള ഇടതുപക്ഷ ഭരണകാലത്തു സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി ജയരാജന്‍ ആയിരുന്നു. ആ പദവിയും ഉത്തരവാദിത്വവുമാണ് അദ്ദേഹത്തെ നയിച്ചത്. അന്ന് നിയമസഭയില്‍ വെച്ച് തന്റെ അഡ്രസ്സില്‍ ഇത്തരമൊരു പരിശോധന രേഖയും മറ്റു ലഘുലേഖകളും ലഭിച്ചിട്ടുണ്ട് എന്ന് അറിയിച്ചപ്പോള്‍ എ.ഐ.സി.സി ആസ്ഥാനത്തും അത്തരമൊന്നു ലഭിച്ചു എന്ന വിവരമാണു തിരികെ പറഞ്ഞത്. ഫാമിലി മാറ്റര്‍ എടുക്കേണ്ടതില്ല എന്നായിരുന്നു ഈ വിവരം അറിയിച്ച പി.ജയരാജനോട് ഇന്നത്തെ മുഖ്യമന്ത്രി എന്ന അന്നത്തെ പാര്‍ട്ടി സെക്രെട്ടറിയുടെ മറുപടി. ഒരു വാചകം കൂടെ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

അത് ആദരണീയനായ മുന്‍ മുഖ്യമന്ത്രി പറഞ്ഞ കൂട്ടര്‍ ആ സമയത്തു ഇവിടെ ഞങ്ങളുടെ നാട്ടില്‍ പൊതുവിലും, പ്രത്യേകിച്ച് പുതുപ്പള്ളി പഞ്ചായത്തിലും  അച്ചടിച്ച 'ലഘുലേഖ' എന്ന് ആത്മകഥയില്‍  സൂചിപ്പിച്ചത്, പത്രരൂപത്തില്‍ വിതരണം  നടത്തിയിരുന്നു. ഞങ്ങളൊക്കെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കുന്നു കാലമാണ്. പക്ഷെ ഇപ്പോഴുമോര്‍ക്കുന്നു, ഒരല്പമല്ല നിറയെ അന്തസുള്ള അഭിമാനത്തോടെ. തുറന്നു വായിക്കാനും കോപ്പി എടുത്തു വിതരണത്തിനും നിന്നില്ല എന്ന് മാത്രമല്ല നമ്മുടെ നാട്ടിലെ ടോയ്‌ലറ്റ് പേപ്പറിന്റെ അറപ്പോടെ തള്ളിക്കളഞ്ഞു ഇവിടുത്തെ ഇടതുപക്ഷം അതിനെ. പക്ഷെ അതിനൊക്കെ ആഗ്രഹിച്ച ആളുകള്‍ പലരും കോണ്‍ഗ്രസ് ചേരിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നേതാവിന്റെ ആത്മകഥയില്‍, അദ്ദേഹം സൂചിപ്പിച്ച വൃത്തികേടുകള്‍ക്കു കൂട്ടുനില്‍ക്കാത്ത രാഷ്ട്രീയ അന്തസ്സ് പിണറായി വിജയന്‍ മുതല്‍ ഇവിടുത്തെ സര്‍വ സാധാരണക്കാരനായ സിപിഐ.എം ന്റെ പാര്‍ട്ടി അംഗം വരെയും സ്വീകരിച്ചിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ 8 കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി എത്തി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. പക്ഷെ മുന്‍ മുഖ്യമന്ത്രിയെ സംബന്ധിച്ചു വ്യക്തിപരമായ  ഒരു വാചകവും അദ്ദേഹം പറഞ്ഞില്ല. 2016 ല്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ഇപ്പോള്‍ 2023 ഉപതിരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒരു വാക്കോ ഒരു വാചകമോ വ്യകതിപരമായതോ തെറ്റായതോ ആയ പരാമര്‍ശം നടത്തിയിട്ടില്ല. അതൊരു വലിയ മേന്മ എന്ന നിലയിലല്ല പക്ഷെ അന്തസ്സോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരടിസ്ഥാന മാനകം കാത്തുസൂക്ഷിച്ചു എന്ന നിലയില്‍ മാത്രം സൂചിപ്പിച്ചതാണ്. 

410 പേജ് നീളുന്ന ആത്മകഥയില്‍ പാര്‍ട്ടിയാണ് എല്ലാം എന്നൊരു ഭാഗമുണ്ട്, 384 ആം പേജില്‍ ആരംഭിച്ച ആ ഭാഗം 391 ആം പേജില്‍ അദ്ദേഹം അവസാനിപ്പിക്കുന്നത് രണ്ടു വാചകങ്ങളിലാണ് ''നേര്‍ക്ക് നേരെ നിന്നാണ് പോരാടിയത്.ആരെയും പിന്നില്‍ നിന്ന് കുത്തിയിട്ടില്ല.''വിധിയെഴുതാനോ തീര്‍പ്പു കല്‍പ്പികാനോയില്ല. പക്ഷെ ആത്മകഥയിലെ 378 ആം പേജില്‍ അദ്ദേഹം തന്നെയെഴുതുന്നു. ''മല്ലികാര്‍ജുന ഖാര്‍ഗെയെ കണ്ടതിനു ശേഷം ഞങ്ങള്‍ രമേശിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. 21 എം.എല്‍.എ മാരില്‍ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാല്‍ ഹൈ കമാന്റിന്റെ  മനോഗതം വേറെയായിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.''അടുത്ത വരിയിതാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം നേരത്തെ സൂചിപ്പിച്ചിരുന്നെങ്കില്‍ ഒരു വിവാദവുമില്ലാതെ ഈ അദ്ധ്യായം അവസാനിപ്പിക്കാമായിരുന്നു. കെ.പി.സി.സി പ്രസിഡന്റിനെ നിയമിച്ചതിനെ കുറിച്ചുള്ള വാചകവും,378 ആം പേജില്‍ തന്നെയെഴുതുന്നു. 'എന്റെ അഭിപ്രയം ആരും ആരാഞ്ഞിരുന്നില്ല''. നേര്‍ക്ക് നേരെ നിന്നില്ല എന്നഭിപ്രായം കോണ്‍ഗ്രസ് നേതൃപദവി ഉള്ളവര്‍ക്ക് ഉണ്ടായിരുന്നോ, ആരേലും പിന്നില്‍ നിന്ന് കുത്തിയോ..? ആത്മകഥ കഥ പറയട്ടെ! പുസ്തകം വായിക്കാനുള്ള വെല്ലുവിളിയൊന്നുമല്ല പക്ഷെ വി.കെ.എന്നിന്റെ അധികാരം കത്തിച്ചവര്‍, അരുന്ധതി റോയിയുടെ ദി ഗ്രെയ്റ്റര്‍ കോമണ്‍ ഗുഡിനു ചിതയൊരുക്കിയവര്‍, ഇ എം എസ്സിന്റെ സ്വതന്ത്ര്യ സമര ചരിത്രത്തിനു തീയിട്ടവര്‍ നമ്മുടെ മുന്‍ മുഖ്യമന്ത്രിയുടെ ആത്മകഥയെ വായിക്കുമോ,അതിലെ സത്യങ്ങള്‍ക്കു ഹൃദയത്തിലും പ്രവര്‍ത്തിയിലും ഇടം കൊടുക്കുമോ, കാത്തിരുന്ന് കാണാം ..!

 സാധനം വാങ്ങാൻ കടയിലെത്തിയ എട്ട് വയസുള്ള പെൺകുട്ടിയോട് ക്രൂരത, 65 കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി 
 

Follow Us:
Download App:
  • android
  • ios