ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്

തൃശൂര്‍: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ കോടത്തൂര്‍ വീട്ടില്‍ രവീന്ദ്രനെ (റൊട്ടേഷന്‍ രവി, 65) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2021 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

ആദ്യം കോഴിക്കോട്, പിന്നെ പാലക്കാട്, ഒടുവിൽ കോയമ്പത്തൂർ; ട്വിസ്റ്റുകൾക്കൊടുവിൽ ഓണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി!

പ്രായപൂര്‍ത്തിയാവാത്ത കുട്ടി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോഴാണ് രവീന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയത്. പീഡനത്തിനിരയായ അതിജീവതയുടെ മൊഴി കുന്നംകുളം പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍ എ അനൂപിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന അനീഷ് വി കോരയായിരുന്നു. 21 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു.

പോക്‌സോ കുറ്റത്തിന് 40 വര്‍ഷം തടവും പട്ടികജാതി അക്രമ നിരോധന വകുപ്പുകളില്‍ ജീവപര്യന്തവുമാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രമ്യ, സിവില്‍ പൊലീസ് ഓഫീസര്‍ വിപിന്‍ ചന്ദ്രനും പ്രവര്‍ത്തിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ നിന്നും ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചു എന്നതാണ്. ഇടുക്കി മാലിക്കുടി സ്വദേശി മനു വർഗീസിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 25000 രൂപ പിഴയൊടുക്കാനും ജഡ്ജ് ദിനേശ് എം പിള്ള ഉത്തരവിട്ടു. 2021 ജൂലൈ 1 മുതൽ 2022 മെയ് 20ന് ഇടയിൽ ഇയാളിൽ നിന്ന് അതിക്രമം നേരിട്ടതായാണ് പെൺകുട്ടിയുടെ പരാതി. 2022 ജൂലൈ 10 നാണ് പെൺകുട്ടി പെരുമ്പാവൂർ പൊലീസിന് മൊഴി നൽകിയതും കേസെടുത്തതും. അതേ വർഷം ജൂലൈ 19 നാണ് പോക്സോ കേസിൽ പ്രതി അറസ്റ്റിലാകുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് എ സിന്ധുവാണ് ഹാജരായത്.