തിരുവനന്തപുരം: ലോകം മുഴുവൻ എതിർത്താലും സത്യം ജയിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. സ്വർണക്കടത്തും മതഗ്രന്ഥവിതരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന മന്ത്രി ഫേസ്ബുക്കിലാണ് ഇക്കാര്യം പറഞ്ഞത്.

സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല - മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇന്നു രാവിലെ ആലുവയിൽ വച്ചാണ് എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മന്ത്രിയെ ചോദ്യം ചെയ്തത്. എൻഐഎ, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജൻസികളുംവരും ദിവസങ്ങളിൽ മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് വിവരം. 

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, യുഎഇ കോണ്സുലേറ്റ് ജനറലുമായുള്ള മന്ത്രിയുടെ ബന്ധം, സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം ഇതേക്കുറിച്ചെല്ലാം എൻഫോഴ്സ്മെൻ്റ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞതായാണ് വിവരം. രാവിലെ ആലുവയിൽ നടന്ന ചോദ്യം ചെയ്യല്ലിന് ശേഷം വളാഞ്ചേരിയിലെ വീട്ടിലേക്ക് വന്ന മന്ത്രി വീടിൻ്റെ ഗേറ്റ് അടച്ച് അകത്തിരിക്കുകയാണ്. ഔദ്യോഗികകാർ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. പുറത്തു മാധ്യമങ്ങൾ കാത്തുനിന്നെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായ്യിട്ടില്ല. 

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനെ കൂടി ചോദ്യം ചെയ്തതോടെ സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും കടുത്ത സമ്മര്‍ദത്തിലാണുള്ളത്. ഇത്രകാലം ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ജലീലിനെ സംരക്ഷിച്ച മുഖ്യമന്ത്രി പുതിയ സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതേസമയം ജലീലിന്‍റെ രാജിയില്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

മാര്‍ക്കുദാന വിവാദം മുതല്‍ സ്വര്‍ണക്കടത്തുകാരുമായുളള ബന്ധം വരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം കെ.ടി.ജലീലിനെ ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവുമൊടുവില്‍ നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും ജലീലില്‍ വിശ്വാസം രേഖപ്പെടുത്തുന്ന പിണറായി വിജയനെ കേരളം കണ്ടു. 

മന്ത്രിക്കെതിരെ ഉയര്‍ന്നതെല്ലാം കേവലം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മാത്രമെന്ന് ആവര്‍ത്തിച്ച്  ജലീലിനെ സംരക്ഷിക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലോടെ  ആരോപണങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവരികയാണ്. ഉന്നയിച്ച ആരോപണങ്ങളിലെല്ലാം കഴമ്പുണ്ടായിരുന്നെന്ന് പ്രതിപക്ഷത്തിന് പറയാനാവുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു.  

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ജലീലിനോടുളള സമീപനത്തില്‍ ഈ സാഹചര്യം മാറ്റം വരുത്തുമോ എന്നാണ് ഇനി അറിയാനുളളത്. സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനായ  എം.ശിവശങ്കറിനെ പുറത്താക്കിയെങ്കില്‍ അതേ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ജലീലിനെ എങ്ങിനെ സംരക്ഷിക്കാനാകും എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്കു മുന്നില്‍ ഉയരുന്നത്. ഇടതുപക്ഷം അവകാശപ്പെടുന്ന രാഷ്ട്രീയ ധാര്‍മികതയെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം.

തല്‍ക്കാലം ജലീലിനെ കൈവിടില്ല എന്നു തന്നെയാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ മറ്റിടങ്ങളില്‍ കോണ്‍ഗ്രസ്,ബിജെപി നേതാക്കള്‍ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോള്‍ അതാത് പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് ഉയര്‍ത്തി പ്രതിരോധിക്കാനാണ് നീക്കം. അപ്പോഴും സിപിഐയടക്കം ഇടതുമുന്നണിയിലെ മറ്റു കക്ഷികള്‍ എന്തുനിലപാട് സ്വീകരിക്കും എന്ന ചോദ്യവും ബാക്കിയാകുന്നു.