കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാര്‍ രാഷ്ട്രീയത്തിൻ്റെ പ്രചാരകനാവരുതെന്ന് ജമാ അത്താ ഇസ്ലാമി. കേരളത്തിലെ മുസ്ലീം സമുദായത്തെ സിപിഎം ശത്രുപക്ഷത്ത് നിര്‍ത്തുകയാണെന്നും ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുൾ അസീസ് ആരോപിച്ചു. 

‍ദേശീയ തലത്തിൽ ബിജെപി ഉപയോഗിക്കുന്ന ഇസ്ലാം ഭീതി കേരളത്തിൽ സിപിഎം ഏറ്റെടുത്ത് പടര്‍ത്തി കൊണ്ടിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ ഒരു പ്രവർത്തകനും ഇന്നോളം തീവ്രവാദ കേസുകളിൽ പ്രതികളായിട്ടില്ല. ന്യൂനപക്ഷങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം പലപ്പോഴും തേടിയിട്ടുണ്ട്. ചിലപ്പോഴെല്ലാം പിന്തുണ നൽകിയിട്ടുമുണ്ടെന്നും അബ്ദുൾ അസീസ് പറഞ്ഞു. 

യുഡിഎഫുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിൽ താൻ ഭാഗമായിട്ടില്ലെന്നും എം.ഐ അബ്ദുൾ അസീസ് വ്യക്തമാക്കി. എം.എം.ഹസൻ തൻ്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദർശനത്തിനായി മാത്രമാണ്. ജമാ അത്തെ ഇസ്ലാമി മത രാഷ്ട്ര വാദത്തെ മുന്നോട്ട് വയ്ക്കുന്നില്ല. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകിയിട്ടുമില്ല. വെൽഫെയര്‍ പാര്‍ട്ടി ഒരു സ്വതന്ത്ര സംഘടനയാണ് അവർക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.