തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിലൂടെ വ്യക്തമാകുന്നതെന്ന് എൽഡിഎഫ് എംഎൽഎ ജെയിംസ് മാത്യു. നിയമസഭയിൽ അടിയന്തരപ്രമേയത്തിൻ്റെ ഭാഗമായുള്ള ചര്‍ച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജെയിംസ് മാത്യു. 

ജെയിംസ് മാത്യു എംഎൽഎയുടെ വാക്കുകൾ - 

കേന്ദ്രസ‍ര്‍ക്കാരിൻ്റെ സര്‍വമാന അന്വേഷണ ഏജൻസികളും യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന എൽഡിഎഫ് സര്‍ക്കാരിനെ വേട്ടയാടുകയാണ്. എന്നാൽ ഈ കുതന്ത്രങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ അവസാനിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഈ പൊറാട്ടു നാടകത്തിൻ്റെ രണ്ടാം അങ്കത്തിനാണ് ഈ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിടുന്നത്. ഇന്നലത്തെ അടിയന്തര പ്രമേയത്തോടെ ഇവര്‍ വിവരമില്ലാത്തവരും നാട് നന്നാവണം എന്ന് ആഗ്രഹമില്ലാത്തവരുമാണെന്ന് നാട്ടുകാര്‍ക്ക് മനസിലായി. ഇന്നത്തെ അടിയന്തര പ്രമേയത്തോടെ പ്രതിപക്ഷത്തിന് അടിയന്തര ചികിത്സ കൂടി വേണമെന്നും വ്യക്തമായി. നല്ല മാനസിക നില അവര്‍ക്ക് ഉറപ്പിക്കാൻ വേണ്ട നടപടി ഇവിടെ നിന്നും തുടങ്ങണം. 

അനാവശ്യ ആരോപണത്തിൽ ധാര്‍മികതയുടെ പേരിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സഭയെ കാലത്തിന് മുൻപേ സഞ്ചരിക്കാൻ പ്രാപ്തമാക്കിയതാണോ സ്പീക്കറുടെ തെറ്റ്. നമ്മുടെ മണ്ഡലങ്ങളിലെല്ലാം എത്രത്തോളം വികസന പദ്ധതികൾ നടക്കുന്നു. അതിനെല്ലാം ഫണ്ട് ചെയ്യുന്നത് നമ്മളാണോ ? അങ്ങനെയാണോ നിങ്ങൾ കാര്യം മനസിലാക്കിയത്. ഇവിടെയൊരു വിജിലൻസ് വകുപ്പുണ്ട്. ഇവര്‍ ആരെങ്കിലും ഒരു തുണ്ടു കടലാസിൽ നാല് വരി എഴുതി സര്‍ക്കാരിൻ്റേയോ നിയമസഭയിലെയോ അഴിമതിക്കെതിരെ പരാതി നൽകിയിരുന്നോ ? 

കണ്ട പത്രത്തിൽ വന്ന വാര്‍ത്തയെല്ലാം കൂടി പെറുക്കി കൂട്ടിയാണ് എം.ഉമ്മര്‍  സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ വന്നത്. ഇന്നലത്തെ അവിശ്വാസ പ്രമേയ ചര്‍ച്ച ലോകം മുഴുവൻ കണ്ടു അതു സഭാ ടിവിയിലൂടെയാണ് എല്ലാവരും കണ്ടത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിൻ്റെ ഒരു അഭിമുഖം സഭാ ടിവിയിൽ വന്നിരുന്നു. അദ്ദേഹത്തിൻ്റെ ഗ്രാഫ് താഴ്ന്നുവരുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന് പൊസിറ്റീവായി ഒരു ഇമേജ് നൽകുന്ന തരത്തിലാണ് സഭാ ടിവിയിൽ അദ്ദേഹത്തിൻ്റെ അഭിമുഖം വന്നത്. 

ഭരണപ്രതിപക്ഷ വ്യത്യാസമില്ലാത്തെ ഇവിടെ നടന്ന എല്ലാ പരിഷ്കാരങ്ങളും നമ്മൾ കൂടിയാലോചിച്ചാണ് നടപ്പാക്കേണ്ടത്. എന്നാൽ അഴിമതി നടന്നുവെന്ന് സംശയമെങ്കിൽ ഇവര്‍ക്ക് വിജിലൻസിനെ സമീപിക്കാമായിരുന്നു. 21 തവണയാണ് നയതന്ത്ര പരിരക്ഷ ഉറപ്പാക്കി സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തത്. ആരാണ് ഇതിൻ്റെ സോഴ്സ് എന്ന് കണ്ടെത്താൻ ഏഴ് മാസമായിട്ടും കസ്റ്റംസിന് സാധിക്കാത്തത് എന്തു കൊണ്ടാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ മാപ്പുസാക്ഷിയായി വരുമ്പോൾ നമ്മൾ അതേക്കുറിച്ച് ആശങ്കപ്പെടേണ്ട. ഇവിടെ ഡോളര്‍ തട്ടിപ്പിനെക്കുറിച്ച് പറഞ്ഞു. ആ തട്ടിപ്പിന് ഒത്താശ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥരും ബാങ്കും എന്താണ് പട്ടികയിൽ വരാത്തത്. 

കുഞ്ഞാലിക്കുട്ടിയേയും അബ്ദുൾ വഹാബിനേയും മുനീറിനേയും കെഎം ഷാജിയേയും എല്ലാം അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ പല ഘട്ടങ്ങളിലായി വിളിപ്പിച്ചിട്ടില്ലേ. 40 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ സംശുദ്ധിയുള്ള പി.ശ്രീരാമകൃഷ്ണൻ ആരാണെന്ന് എസ്എഫ്ഐ കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചയാൾ എന്ന നിലയിൽ എനിക്കറിയാം. ഇന്നല്ലെങ്കിൽ നാളെ ഉപ്പ് വച്ച കലം പോലെ യുഡിഎഫ് തകരാൻ കാരണമാകുന്നത് നിങ്ങളാവും. കോണ്‍ഗ്രസോ ലീഗോ തകരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ ബിജെപി അധികാരത്തിൽ ഇരുന്ന് ചെയ്യുന്ന എല്ലാ വിഘടന പ്രവര്‍ത്തനങ്ങൾക്കും  ഒത്താശ ചെയ്ത് നിങ്ങൾ സ്വയം നശിക്കാൻ വഴിയൊരുക്കുകയാണ്.