വയനാട്ടിൽ നാളെ ജനകീയ തെരച്ചിൽ; രാവിലെ 6 മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിക്കും; കണ്ടെത്താനുള്ളത് 131 പേരെ
ശനിയാഴ്ചതെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കും.
കൽപറ്റ: വയനാട്ടിലെ ദുരന്തമേഖലയിൽ നാളെ ജനകീയ തെരച്ചിൽ. ക്യാമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും ദൗത്യ സംഘത്തിനൊപ്പം ചേർന്നു വിവിധ സോണുകളിൽ തെരച്ചിൽ നടത്തും. മറ്റന്നാൾ പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളിൽ സന്ദർശനം നടത്തും. നാളെ രാവിലെ മുതൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന തെരച്ചിൽ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ചതെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കും.
നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പോലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ കൂടുതൽ നാട്ടുകാരും തെരച്ചിലിനു വേണ്ടി എത്തും. ദുരിത മേഖലയിൽ എല്ലാം നഷ്ടപ്പെട്ട ക്യാമ്പുകളിൽ കഴിയുന്ന 190 പേരാണ് ജനകീയ തെരച്ചിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളിൽ വിവിധ സോണുകളിൽ എത്തിക്കും. സൈന്യവും നിലവിലെ ദൗത്യസംഘവും തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തുകയാണ് ലക്ഷ്യം. മന്ത്രിമാരും എംഎൽഎമാരും അടക്കം ജനകീയ തെരച്ചലിന്റെ ഭാഗമാകും.
ഇന്ന് പുതുമലയിൽ ഒരു മൃതദേഹവും ആറ് ശരീര ഭാഗങ്ങളും സംസ്കരിച്ചു.. സർവമത പ്രാർത്ഥനക്ക് ശേഷം ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു സംസ്കാരം. ഇതോടെ തിരിച്ചറിയാത്ത 186 ശരീരഭാഗങ്ങളും 47 മൃതദേഹങ്ങളും സംസ്കരിച്ചു. ഇനി 131 പേരെയാണ് കണ്ടെത്താനുള്ളത്. ദുരിത ബാധിച്ചവർക്കുള്ള താൽക്കാലിക പുനരധിവാസവും ഉറപ്പിക്കാനുള്ള നടപടികളും വേഗത്തിലാക്കുകയാണ്. ഇതുവരെ കണ്ടെത്തിയ സർക്കാർ കോട്ടേഴ്സുകളിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. പലതും പൂർണ്ണസജ്ജമായി.