'പ്രിൻസിപ്പലും എക്കണോമിക്സ് ഡിപ്പാർട്ട്മെൻറും പക്ഷപാതം കാണിച്ചു എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. രണ്ടുതവണ കണ്ടോനേഷൻ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിൻസിപ്പല്‍ മറച്ചുവെച്ചു'.

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥിനി ജസ്പ്രീത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജില്‍ വിദ്യാര്‍ത്ഥിപ്രതിഷേധം. കോളജ് പ്രിൻസിപ്പലിനെ കെഎസ്‍യു പ്രവർത്തകർ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു. ജസ്പ്രീത് സിംഗ് വിഷയത്തിൽ പ്രിൻസിപ്പൽ പക്ഷപാതപരമായി പെരുമാറി എന്ന് ആരോപിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം. പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. 

അതേസമയം സഹോദരന്‍റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്ക് പങ്കുണ്ടെന്നും കോടതിയെ സമീപിക്കുമെന്ന് സഹോദരി മനീഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രിൻസിപ്പലും എക്കണോമിക്സ് ഡിപ്പാർട്ട്മെൻറും പക്ഷപാതം കാണിച്ചു എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. രണ്ടുതവണ കണ്ടോനേഷൻ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിൻസിപ്പല്‍ മറച്ചുവെച്ചു. ജസ്പ്രീത് സിംഗ് നാലാം സെമസ്റ്ററിൽ മാത്രമാണ് കണ്ടോനേഷന് അപേക്ഷ നൽകിയത്. നീതിതേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും സഹോദരി മനീഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 
ഇക്കണോമിക്സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ഉത്തര്‍പ്രദേശ് ബിജ്നോര്‍ ജില്ലയിലെ ഹല്‍ദ്വാര്‍ സ്വദേശിയുമായ ജസ്പ്രീത് സിങിനെ ഞായറാഴ്ചയാണ് ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാജർ കുറവായതിനാൽ പരീക്ഷയെഴുതാൻ കഴിയാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി മരിച്ചതെന്നുമാണ് ആരോപണം.