Asianet News MalayalamAsianet News Malayalam

ജെസിബി കൊല: പ്രതികളെ നേരിട്ട് കാണാതെ ഒന്നും വിശ്വാസമില്ലെന്ന് മരിച്ച സംഗീതിന്‍റെ ഭാര്യ

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്ന് അവർ തന്നെയെന്ന് ബോധ്യപ്പെടണമെന്നാണ് സംഗീതയുടെ ആവശ്യം.

jcb murder victim sangeeths wife expresses doubt in police investigation
Author
Trivandrum, First Published Jan 27, 2020, 7:03 PM IST

തിരുവനന്തപുരം: കാട്ടാക്കട ജെസിബി കൊലക്കേസിൽ ഏഴ് പ്രതികൾ പിടിയിലായെന്ന് പൊലീസ് അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട സംഗീതിന്‍റെ ഭാര്യ സംഗീത. പ്രതികളെ നേരിൽ കണ്ട് ബോധ്യപ്പെട്ടാലെ അന്വേഷണത്തിൽ തൃപ്തിയുണ്ടോയെന്ന് പറയാനാകൂ എന്ന്  സംഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ ശരിയായ അന്വേഷണമാണോ നടന്നത് എന്ന് സംശയം ഉണ്ടെന്നും സംഗീത പറയുന്നു.

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്ന് അവർ തന്നെയെന്ന് ബോധ്യപ്പെടണമെന്നാണ് സംഗീതയുടെ ആവശ്യം. കൊലയ്ക്ക് പിന്നിൽ മണ്ണ് കടത്തൽ തടഞ്ഞതിലുള്ള വൈരാഗ്യമാണെന്നും കൃത്യത്തിൽ ഉൾപ്പെട്ട ഏഴ് പേർ ഇപ്പോൾ അറസ്റ്റിലാണെന്നും അറിയിച്ചുള്ള റൂറൽ എസ്പി ബി അശോകന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് സം​ഗീതയുടെ പ്രതികരണം. 

സംഗീതിന്‍റെ കൊലപാതകത്തെക്കുറിച്ച് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും പുലര്‍ച്ചെ വിവരമറിയിച്ചപ്പോള്‍ തന്നെ കാട്ടാക്കട പൊലീസ് സ്ഥലത്ത് എത്തിയിരുന്നുവെങ്കില്‍ സംഗീത് കൊലപ്പെട്ടിലായിരുന്നുവെന്നും ബന്ധുക്കൾ നേരത്തെ ആരോപിക്കുന്നതാണ്. പൊലീസ് സമയബന്ധിതമായി ഇടപെട്ടിരുന്നുവെങ്കില്‍ സംഗീതിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് സം​ഗീത മുമ്പും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സംഘര്‍ഷം ഒരുപാട് നേരം നീണ്ടു നില്‍ക്കുകയും പിന്നീട് ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത ശേഷമാണ് കാട്ടാക്കട പൊലീസ് എത്തിയതെന്നായിരുന്നു സംഗീതയുടെ ആരോപണം. 

സംഗീതിനെ ആദ്യം പ്രതികൾ ടിപ്പർ ലോറി കൊണ്ട് ഇടിക്കുകയും പിന്നാലെ ജെസിബിയുടെ യന്ത്രക്കൈ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റൂറൽ എസ്പി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. ലിനു ആണ് ടിപ്പർ ലോറി ഓടിച്ചതെന്നും മണ്ണുമാന്തി നിയന്ത്രിച്ചത് വിജിനായിരുന്നുമെന്നാണ് കണ്ടെത്തൽ. നെഞ്ചിനും തലയ്ക്കുമേറ്റ പരിക്കാണ് സംഗീതിന്‍റെ മരണകാരണം. പൊലീസ് എത്താൻ വൈകിയെന്ന പരാതിയിൽ ഡിവൈഎസ്പി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios