Asianet News MalayalamAsianet News Malayalam

ജെഡിഎസിലെ എൻഡിഎ വിരുദ്ധനീക്കത്തിനൊപ്പം നിൽക്കാതെ ഒളിച്ചുകളി തുടർന്ന് സംസ്ഥാന നേതൃത്വം

ഗൗഡയെ പോലെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസും യോഗത്തെ തള്ളിപ്പറഞ്ഞു. ഇതോടെ സംസ്ഥാന നേതൃത്വത്തിൻറെ ബിജെപി വിരുദ്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്

JDS Kerala leadership against CK Nanu fraction kgn
Author
First Published Nov 16, 2023, 6:27 AM IST

തിരുവനന്തപുരം: ജെഡിഎസ്സിലെ എൻഡിഎ വിരുദ്ധനീക്കത്തിനൊപ്പം നിൽക്കാതെ ഒളിച്ചുകളി തുടർന്ന് സംസ്ഥാന നേതൃത്വം. ബിജെപിക്കൊപ്പം പോയ ദേവഗൗഡയുടെ നിർദ്ദേശം അനുസരിച്ച് സികെ നാണു പക്ഷത്തെ തള്ളിപ്പറയുന്ന കേരള നേതൃത്വത്തിൻറെ നിലപാട് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിനും വെല്ലുവിളിയാണ്. ഡിസംബർ ഒൻപതിനുള്ളിൽ ഒപ്പം വന്നില്ലെങ്കിൽ മന്ത്രി സ്ഥാനത്തു നിന്നും കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന് സികെ നാണു വിഭാഗം സിപിഎമ്മിനോട് ആവശ്യപ്പെടും.

ദേവ ഗൗഡ ബിജെപിക്കൊപ്പം പോയശേഷം സംസ്ഥാന നേതാക്കൾ യോഗം ചേർന്നത് മൂന്ന് തവണയായിരുന്നു. മൂന്ന് യോഗവും ഗൗഡക്കൊപ്പമില്ലെന്നും യഥാർത്ഥ ജെഡിഎസ്സിനായുള്ള ശ്രമം നടത്താനും തീരുമാനിച്ചു. എന്നാൽ ഏക ദേശീയ വൈസ് പ്രസിഡണ്ട് സികെ നാണുവും കർണ്ണാടക മുൻ പ്രസിഡണ്ട് സിഎം ഇബ്രാഹിമും എൻഡിഎ വിരുദ്ധ നീക്കത്തിനായി ദേശീയ എക്സിക്യൂട്ടീവ് വിളിച്ചപ്പോൾ സംസ്ഥാന നേതൃത്വം മുഖം തിരിച്ചു. ഗൗഡയെ പോലെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസും യോഗത്തെ തള്ളിപ്പറഞ്ഞു. ഇതോടെ സംസ്ഥാന നേതൃത്വത്തിൻറെ ബിജെപി വിരുദ്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കോവളത്ത് എൻഡിഎ വിരുദ്ധ യോഗം ചേരുമ്പോൾ അതിൽ പങ്കെടുക്കാതെ മന്ത്രി കൃഷ്ണൻകുട്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

ചർച്ച ചെയ്യാതെ യോഗം വിളിച്ചുവെന്നാണ് ബഹിഷ്ക്കരണത്തിൻറെ കാരണമായി സംസ്ഥാന നേതൃത്വം പറയുന്നത്. അതേസമയം മുന്നിൽ നയിക്കേണ്ട നേതാക്കൾ വിട്ടുനിന്നത് ഗൗഡയുടെ അച്ചടക്ക നടപടി പേടിച്ചെന്നാണ് നാണു പക്ഷം കുറ്റപ്പെടുത്തുന്നു. ഡിസംബർ ഒൻപതിനുള്ളിൽ നിലപാട് വേണമെന്ന അന്ത്യശാസനം നേതൃത്വം കാര്യമായെടുക്കുന്നില്ല. പക്ഷെ ഒൻപത് കഴിഞ്ഞാൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങിയേക്കും. കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പിൻവലിപ്പിക്കാൻ നാണു പക്ഷം ശ്രമിക്കും. എൻഡിഎ വിരുദ്ധചേരിക്കൊപ്പം നിൽക്കാത്ത മന്ത്രിയെയും പാർട്ടിയെയും ഒപ്പം നിർത്തുക എൽഡിഎഫിനും പ്രശ്നമാകും.

Follow Us:
Download App:
  • android
  • ios