കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം 100ന് മേലെ എത്തിയത്. 12 പേരിൽ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകൾ. 

ചന്തേര സ്റ്റേഷനിൽ അഞ്ചും കാസർകോട് എട്ടും പയ്യന്നൂരിൽ രണ്ട് കേസുകളുമാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. അതേസമയം, മുസ്ലീം ലീ​ഗ് കാസർകോട്  ജില്ലാ  ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്നങ്ങളിൽ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിൻ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇന്നലെ ഉച്ചക്കായിരുന്നു വിളിച്ചു വരുത്തിയത്. മൂന്ന് മണിക്കൂറോളം നേരം അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ  ചോദിച്ചറിഞ്ഞു.