ദുബൈയിൽ സമസ്ത മു അല്ലിമീൻ 30ാം വാർഷിക വേദിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും
കോഴിക്കോട്: പാണക്കാട് കുടുംബവുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്നാൽ നയപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും പരിഹരിക്കുമെന്നും സമസ്ത അധ്യക്ഷൻ പറഞ്ഞു. തന്റെ കുടുംബവും സമസ്തയും തമ്മിൽ പാലും വെള്ളവും പോലെ വേർതിരിക്കാൻ ആവാത്ത ബന്ധമെന്നാണ് ആണെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി തങ്ങൾ പറഞ്ഞത് .പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയിൽ സമസ്ത മു അല്ലിമീൻ 30ാം വാർഷിക വേദിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പാണക്കാട് തങ്ങൾമാരും സമസ്തയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി അകറ്റി നിർത്താനാണ് ഇത്തരം പ്രചാരണങ്ങളെന്നായിരുന്നു ജിഫ്രി തങ്ങളുടെ വിമർശനം. അത്തരത്തിൽ ഞങ്ങൾ തമ്മിൽ എതിരൊന്നുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. വേർപിരിക്കാൻ സാധിക്കാത്ത ബന്ധമാണ് സമസ്തയും തന്റെ കുടുംബവും തമ്മിലുള്ളതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
സമസ്തയ്ക്ക് തൊട്ടുതാഴെയുള്ള അധ്യാപക സംഘടനായ സമസ്ത മു അല്ലിമീൻ. സംഘടനയുടെ 30ാം വാർഷികാഘോഷങ്ങൾ ഇത്തവണ ദുബൈയിലാണ് സംഘടിപ്പിച്ചത്. ഇരുവരും ഇവിടെയെത്തിയിരുന്നു. ഇവിടെ പ്രസംഗിച്ചപ്പോഴാണ് സമകാലിക വിവാദങ്ങളിലെ പ്രതികരണങ്ങളും വന്നിരിക്കുന്നത്. സമസ്തയുടെയും ലീഗിന്റെയും അണികൾക്ക് താത്കാലിക ആശ്വാസമാണ് ഈ പ്രതികരണം.
എന്നാൽ സമസ്തയും സിഐസിയും തമ്മിലെ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല. സിഐസിയിൽ നിന്ന് സമസ്ത നേതാക്കൾ പിന്മാറി. പാണക്കാട് സാദിഖലി തങ്ങളാണ് ഇപ്പോൾ സിഐസിക്ക് നേതൃത്വം നൽകുന്നത്. സിഐസിയുടെ പ്രധാന ചുമതലക്കാരനെ ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.

