തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാധ്യമ ഉപദേഷ്ടാവ് കവി പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന പുരസ്കാരം നല്കാനുളള ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഹിന്ദുഐക്യവേദി. പുരസ്കാരത്തിന് അര്‍ഹമായ ശ്യാമമാധവം എന്ന കൃതി കൃഷ്ണ ബിംബങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദിയുടെ ആരോപണം. തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ദേവസ്വം ചെയര്‍മാന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തി. പൂന്താനം ദിനമായ വെള്ളിയാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കെയാണ് പ്രതിഷേധവുമായി ഹിന്ദുഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്.

ഭഗവത്ഗീത ഉപദേശിച്ചതില്‍ ശ്രീകൃഷ്ണൻ പിന്നീട് ഖേദിച്ചിരുന്നതായും പാ‍ഞ്ചാലിയോട് രഹസ്യമായി പ്രണയം ഉണ്ടായിരുന്നതായും കൃതിയില് പ്രതിപാദിക്കുന്നുണ്ടെന്നാണ് ഹിന്ദു ഐക്യവേദിയുടെ കണ്ടെത്തൽ. ഇടതുസഹയാത്രികനായ പ്രഭാവര്‍മ്മയോടുളള രാഷ്ട്രീയപക്ഷപാതിത്വമാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുളള കാരണമെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു. പുരസ്കാരം പിൻവലിക്കാൻ തയ്യാറയില്ലെങ്കിൽ ദേവസ്വം ചെയര്‍മാൻ രാജിവെക്കണമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

എന്നാല്‍ ശ്രീകൃഷ്ണന്‍റെ ജീവിതയാത്രകളെ മനോഹരമായി പ്രതിപാദിക്കുന്ന ഭക്തികാവ്യമാണ് ശ്യാമമാധവമെന്നും ഇതില്‍ കൃഷ്ണഭക്തി നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നുമാണ് ദേവസ്വത്തിൻറെ വിലയിരുത്തല്‍. മാത്രമല്ല  കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം ഉള്‍പ്പെടെ ലഭിച്ച ശ്യാമമാധവത്തെ വിലകുറച്ചുകാണുന്നത് ശരിയല്ലെന്നും ദേവസ്വം ചെയര്‍മാൻ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസമാണ്  ജ്ഞാനപ്പാന പുരസ്ക്കാരം കവി പ്രഭാവർമ്മക്ക് നൽകാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചത്. പൂന്താനം ദിനത്തോടനുബഡിച്ച് നൽകി വരുന്ന പുരസ്ക്കാരം 50001 രൂപയും ഫലകവും അടങ്ങിയതാണ്. ഭരണ സമിതി അംഗങ്ങൾ ഗുരുവായൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുരക്സാര പ്രഖ്യാപനം നടത്തിയത് .