ദില്ലി: ജെഎന്‍യുവില്‍ പ്രൊഫസറായി തുടരുന്നതിന് റൊമീല ഥാപ്പര്‍ സിവി സമര്‍പ്പിക്കണമെന്ന ജെഎന്‍യു അധികൃതരുടെ നിലപാടിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ കെ സച്ചിദാനന്ദന്‍. ഫേസ്ബുക്കില്‍ ബെർട്രാൻഡ് റസ്സലിനൊപ്പമുള്ള റൊമീല ഥാപ്പറിന്‍റെ പഴയകാലചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇതില്‍ കൂടുതല്‍ എന്ത് സിവിയാണ് ജെഎന്‍യുവിന് വേണ്ടതെന്ന ചോദ്യം സച്ചിദാനന്ദന്‍ ഉന്നയിച്ചത്. 

കഴിഞ്ഞ ദിവസമാണ് ജെഎന്‍യുവില്‍ ഫ്രൊഫസര്‍ എമിരിറ്റസ് (Professor Emerita)പദവിയില്‍ തുടരുന്നതിന്  റൊമീല ഥാപ്പര്‍ സിവി സമര്‍പ്പിക്കണമെന്ന ആവശ്യവുമായി 
ജെഎന്‍യു അധികൃതര്‍ കത്തയച്ചത്.  

സര്‍വകലാശാല നിയമിച്ച കമ്മിറ്റിക്ക് റൊമീല ഥാപ്പറിന്‍റെ വര്‍ക്കുകള്‍ വിലയിരുത്തി ഫ്രൊഫസര്‍ എമരിറ്റസ് ആയി തുടരാനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇതിന് വേണ്ടി സിവി സമര്‍പ്പിക്കണമെന്നുമാണ് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്. ജെഎന്‍യുവില്‍ നിന്നും വിരമിച്ച ശേഷം റൊമീല ഥാപ്പര്‍ പ്രൊഫസര്‍ എമിരിറ്റസ് (Professor Emerita)പദവിയില്‍ തുടരുകയാണ്. 

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഥാപ്പര്‍ രംഗത്തെത്തിയിരുന്നു. 'ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആജീവനാന്തകാലത്തേയ്ക്ക് ആ സ്ഥാനത്ത് തുടരാവുന്നതാണ്'. സിവി ആവശ്യപ്പെട്ടത് ജെഎന്‍യുവിന്‍റെ അടിസ്ഥാനപരമായ നിയമങ്ങളില്‍ നിന്നുളള വ്യതിചലനമാണെന്നുമായിരുന്നു അവരുടെ പ്രതികരണം. 

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ചുരുക്കം പേര്‍ക്ക് മാത്രമേ ജെഎന്‍യു  ഫ്രൊഫസര്‍ എമിരിറ്റസ് (Professor Emerita)പദവി നല്‍കുന്നുള്ളു. 1993 ലാണ് ഥാപ്പര്‍ക്ക് എമിരറ്റസ് പ്രൊഫസറുടെ പദവി നല്‍കിയത്.