മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എസ്എഫ്ഐയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ്.
ദില്ലി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് തകർപ്പൻ വിജയം. മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എസ്എഫ്ഐയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ്. 1300 ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഗോപികയ്ക്ക് ലഭിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് മലയാളി വിദ്യാർത്ഥി ജെഎൻയു യൂണിയനിന്റെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
നേരത്തെ എസ്എഫ്ഐ സ്ഥാനാർത്ഥിയായിരുന്നു അമൽ പുലാർക്കാട്ട് 2017ൽ വൈസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ഇടതുസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് എഐഎസ്എഫിന്റെ അമുത ജയദീപിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.ഇതിന് ശേഷം ഇതാദ്യമായിട്ടാണ് മലയാളി സെൻട്രൽ പാനലിലേക്ക് എത്തുന്നത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക റാങ്കയോടെയാണ് പിജി ജെഎൻയുവിൽ നിന്ന് പാസായത്.നിലവിൽ ഒന്നാം വർഷ ഗവേഷക വിദ്യാർത്ഥിയാണ്. കഴിഞ്ഞ തവണ എബിവിപി പിടിച്ച ജോയിൻ്റ് സെക്രട്ടറി സ്ഥാനം ഇടത് സഖ്യം തിരിച്ചു പിടിച്ചു.
