Asianet News MalayalamAsianet News Malayalam

'ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് താൻ, വ്യാജ വീഡിയോ കേസിൽ പോരാട്ടം തുടരും', ജോ ജോസഫ്

തൃക്കാക്കരയിലെ തോൽവി വ്യക്തിപരമല്ല എന്നാണ് ജോ ജോസഫ് പറയുന്നത്. തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്ന് ഉറപ്പാണ്. താൻ പ്രതീക്ഷിച്ചത് മികച്ച വിജയം തന്നെയാണ് - ജോ ജോസഫ്. 

Jo Joseph Thrikkakkara Candidate Interview After Election
Author
Kochi, First Published Jun 23, 2022, 7:33 AM IST

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും താൻ സജീവമായി രാഷ്ട്രീയത്തിൽ തുടരുമെന്ന് ഡോ. ജോ ജോസഫ്. തൃക്കാക്കരയിലെ തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്നുറപ്പുണ്ട്. ഏറ്റവും അധികം ആക്രമിക്കപ്പെട്ട സ്ഥാനാർത്ഥി താനാണെന്നും വ്യാജ വീഡിയോ കേസിൽ നിയമ പോരാട്ടം ശക്തമായി തുടരുമെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് ഡോ. ജോ ജോസഫിന്‍റെ പ്രതികരണം. 

തൃക്കാക്കരയിലെ തോൽവി വ്യക്തിപരമല്ല എന്നാണ് ജോ ജോസഫ് പറയുന്നത്. തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്ന് ഉറപ്പാണ്. താൻ പ്രതീക്ഷിച്ചത് മികച്ച വിജയം തന്നെയാണെന്നും ജോ ജോസഫ് പറയുന്നു. 

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിൽ തൃക്കാക്കരയിൽ ജോ ജോസഫിന്‍റേതെന്ന പേരിലിറങ്ങിയ വ്യാജ അശ്ലീല വീഡിയോയുടെ പേരിൽ വലിയ വാക്പോരാണ് നടന്നത്. വീഡിയോക്ക് പിന്നിൽ വി ഡി സതീശനാണെന്നാണ് ഇ പി ജയരാജൻ ആരോപിച്ചത്. ഇതിനെതിരെ താൻ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വി ഡി സതീശനും തിരിച്ചടിച്ചു. 

താൻ നേരിട്ടത് വലിയ ആക്രമണമാണെന്ന് ഡോ. ജോ ജോസഫ് പറയുന്നു. ഒരു സ്ഥാനാർത്ഥിയും നേരിട്ടില്ലാത്ത തരത്തിൽ അത്രയും ആക്രമണവും അധിക്ഷേപവും താൻ നേരിട്ടു. തന്‍റെ ഉന്നതവിദ്യാഭ്യാസം പോലും വ്യാജമെന്ന് പ്രചരിപ്പിക്കപ്പെട്ടു. അതിനാൽത്തന്നെ വ്യാജവീഡിയോ കേസിൽ ഒരു കാരണവശാലും പിന്നോട്ടില്ലെന്നും, നിയമപോരാട്ടം തുടരുമെന്നും ജോ പറയുന്നു. 

അതേസമയം, കേസിൽ ഇ പി ജയരാജൻ ആരോപിക്കുന്നത് പോലെ ഉന്നതതലഗൂഢാലോചന നടന്നുവെന്ന സിപിഎം ആരോപണം ജോ ജോസഫ് ഏറ്റുപിടിക്കുന്നില്ല. പൊലീസ് സത്യം പുറത്തുകൊണ്ട് വരുമെന്നാണ് തന്‍റെ വിശ്വാസമെന്നും, ഒരു കാരണവശാലും കേസിൽ നിന്ന് പിൻമാറാനില്ലെന്ന് മാത്രം ഇപ്പോൾ പറയാമെന്നും ജോ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios