Asianet News MalayalamAsianet News Malayalam

ചർച്ചകൾക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി; പരിഹാരമാണ് ആവശ്യമെന്ന് ഉദ്യോഗാർത്ഥികൾ, സമരം തുടരുന്നു

പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്നു. ഇനിയും ചർച്ചകൾ നടത്തുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രശ്ന പരിഹാരമാണ് എൽജിഎസ് ഉദ്യോഗാർത്ഥികളുടെ ആവശ്യം

Job seekers following strike in front of Secretariat CM pinarayi vijayan says talks will not be hampered
Author
Kerala, First Published Feb 26, 2021, 7:55 AM IST

തിരുവനന്തപുരം: പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്നു. ഇനിയും ചർച്ചകൾ നടത്തുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രശ്ന പരിഹാരമാണ് എൽജിഎസ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. 

റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ സിപിഒ ഉദ്യോഗാർത്ഥികളും സമരം ശക്തമാക്കി. ഫോറസ്റ്റ് വാച്ചർ, കെഎസ്ആർടിസി ഡ്രൈവർ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളും സമരം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.

കഴിഞ്ഞ ദിവസം  സമരവുമായി ബന്ധപ്പെട്ട്, സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഇന്നലെ സർക്കാർ ഉത്തരവായി ഇറക്കിയിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസാണ് ചർച്ച നടത്തിയത്. ചർച്ചയിൽ വാക്കാൽ നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറക്കുകയാണ് ചെയ്തത്. സിപിഒമാരുടെ ലിസ്റ്റിൽ 7580 പേരിൽ 5609 പേർക്ക് പിഎസ്‌സി അഡ്വൈസ് മെമോ നൽകി. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. 1100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന വാദത്തിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും ഉത്തരവിൽ പറയുന്നു.

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി തീർന്നിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പരമാവധി ഒഴിവ് ലിസ്റ്റിൽ നിന്ന് നികത്തും. നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നത് പരിശോധിക്കാമെന്നാണ് ഉറപ്പ്. എൽജിഎസ് ലിസ്റ്റ് കാലാവധി 4-8-2021 വരെ നീട്ടിയിട്ടുണ്ട്. പരമാവധി ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സർക്കാരിന് നിശ്ചിത എണ്ണം ഉദ്യോഗാർത്ഥികൾക്ക് നിയമനം കൊടുക്കാമെന്ന് പറയാനാവില്ല. പിഎസ്‌സിയാണ് നിയമനം നൽകേണ്ടത്. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്ന് 6000 പേർക്ക് നിയമനം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു സർക്കാർ ഉത്തരവ് വ്യക്തമാക്കിയത്. നിയമന ഉറപ്പുകൾ രേഖാമൂലം നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios