സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണുണ്ടായത്

കൊവിഡ് വാക്സിന്‍ സംബന്ധിച്ച കേന്ദ്രനയത്തിനെതിരായ കൊവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് ജോണ്‍ ബ്രിട്ടാസ്. ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികള്‍ വാക്‌സിന്‍ ചലഞ്ചിനായി ഇതിനോടകം സംഭാവന നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ചലഞ്ചിന് ലഭിക്കുന്ന പിന്തുണ കേരള ജനതയുടെ ഒറ്റക്കെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണുണ്ടായത്. വാക്സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. സൗജന്യമായി വാക്സീൻ സ്വീകരിക്കുമ്പോൾ രണ്ട് ഡോസിന്റെ പണമായ എണ്ണൂറ് രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി സമൂഹമാധ്യമങ്ങളില്‍ ക്യാംപയിനും തുടങ്ങിയിരുന്നു.

കൊവിഡ് വാക്‌സീൻ ചലഞ്ചിലേക്ക് സഹകരണ മേഖല 200 കോടി രൂപ സമാഹരിച്ച് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പ്രളയകാലത്ത് ഇത്തരത്തിൽ സർക്കാർ പൊതുജനത്തിന്റെ പിന്തുണ തേടിയപ്പോഴും സംഭാവനകൾ ഒഴുകിയിരുന്നു. 4912 കോടി രൂപയായിരുന്നു 2018-19 വർഷങ്ങളിലായി ദുരിതാശ്വാസ നിധിയിലെത്തിയത്.