കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ കൂടുതൽ മൊഴി പുറത്ത്. കൂടുതൽ ആളുകളെ വകവരുത്താൻ തീരുമാനിച്ചിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയെന്നാണ് സൂചന. ഇതിന് സഹായം നൽകിയത് റോയിയുടെ അടുത്ത ചില ബന്ധുക്കളാണെന്നും കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് സൂചന. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവർക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നാണ് വിവരം. 

ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് നാളെ അപേക്ഷ നല്‍കും. അതിന് മുമ്പ് ഈ വിവരങ്ങള്‍ കൃത്യത വരുത്തിയ ശേഷം അടുത്ത ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക എന്നതാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇത്രയധികം കൊലപാതകങ്ങൾ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ ജോളിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്.

അതിനാൽ ഇതിലാർക്കൊക്കെ ഇനിയും പങ്കുണ്ടെന്ന വിവരം വിശദമായി പരിശോധിച്ച ശേഷം, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഒത്തിണക്കിയാകും പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. ഇത് വലിയ സാഹസമാണെങ്കിലും കോടതിയിൽ ഈ കേസ് തള്ളിപ്പോകുന്ന സാഹചര്യം പൊലീസിന് വലിയ തിരിച്ചടിയാകും. അത്രയും വിദഗ്‍ധമായാണ് പൊലീസ് ഇത്ര കാലത്തിന് ശേഷം ഈ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.  

അതേസമയം, കൂടത്തായി കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സയനൈഡ് ഉപയോഗത്തിന്‍റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയാണ്. സയനൈഡിന്‍റെ തെളിവുകൾ കണ്ടെത്തുക സാധ്യമാണ്. പക്ഷേ ശ്രമകരവുമാണ്. അതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ആവശ്യമെങ്കിൽ സാമ്പിൾ വിദേശത്തേക്ക് അയക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഓരോ കേസിലും പ്രത്യേകം എഫ്ഐആറുകൾ ഇടുകയാണ് ഉത്തമം. കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണ സംഘം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.