കെ എം എബ്രഹാമിൻ്റെ പരാതിയിൽ സർക്കാർ അന്വേഷണം തുടങ്ങാനിരിക്കെ മുഖ്യമന്ത്രിക്ക് ജോമോൻ പുത്തൻപുരക്കൽ പരാതി നൽകി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ അന്വേഷണം ഉത്തരവിട്ടതിന് പിന്നാലെ കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് ജോമോൻ പുത്തൻപുരക്കൽ പരാതി നൽകി. എബ്രഹാമിന്റെ ആരോപണങ്ങൾ തള്ളിയ ജോമോൻ, എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് നിയമ വിരുദ്ധ നടപടിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരായ എബ്രഹാമിന്റെ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്നും ജോമോൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എബ്രഹാമിന്റ് കത്തിൽ സർക്കാർ അന്വേഷണത്തിനു ഒരുങ്ങുമ്പോഴാണ് ജോമോന്റെ പരാതി.
ഹൈക്കോടതി തള്ളിയ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തനിക്ക് എതിരെയാണെന്നും ജോമോൻ പറയുന്നു. വിജിലൻസ് കോടതിയെ സമീപിച്ചതിന് പിന്നാലെ എബ്രഹാമിന് തന്നോട് വ്യക്തി വിരോധമുണ്ട്. താൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്‌തെന്ന അന്വേഷണം അതിനു പിന്നാലെ ഉണ്ടായതാണ്. ധനകാര്യ പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണ്. ഈ റിപ്പോർട്ട് നിയമ സഭ പെറ്റീഷൻ കമ്മിറ്റി തള്ളിയതാണ്.
അഴിമതി പുറത്തു കൊണ്ടുവരാൻ വ്യക്തികളുമായി സംസാരിക്കുന്നത് ഗൂഢാലോചന അല്ലെന്നു ജോമോൻ പരാതിയിൽ പറയുന്നു. താൻ രണ്ടു പേരുമായി ഗൂഢാലോചന നടത്തി എന്ന ആരോപണം എബ്രഹാം നേരത്തെ ഉന്നയിച്ചതാണ്. വീണ്ടും ഇതേ കാര്യം ആവർത്തിക്കുന്നത് സിബിഐ അന്വേഷണത്തിന്റ ജാള്യത മറയ്ക്കാനാണ്. സിബിഐ അന്വേഷണത്തിന്റെ വിധി പകർപ്പ് ചേർത്താണ് മുഖ്യമന്ത്രിക്ക് ജോമോൻ പരാതി നൽകിയത്.

