സതീശൻ്റെ ദുരൂഹ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ജോഫി കൊള്ളന്നൂർ വ്യക്തമാക്കുന്നു. 

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വെളിപ്പെടുത്തലുമായി ഇഡി റെയ്ഡ് നടത്തിയ ആധാരം എഴുത്തുകാരൻ ജോഫി കൊള്ളന്നൂർ. സതീശനെ വർഷങ്ങളായി പരിചയമുണ്ടെന്ന് ജോഫി പറയുന്നു. സതീശനുമായി ഇടപാട് തുടങ്ങിയിട്ട് ഒരു കൊല്ലം. 9 ആധാരങ്ങളാണ് സതീശനും ഇടനിലക്കാരനും വേണ്ടി നടത്തിക്കൊടുത്തത്. മുക്കാൽ കോടിയുടെ ഇടപാടായിരുന്നു അതെന്നും ജോഫി വിശദമാക്കി. സതീശൻ, ഭാര്യ, സഹോദരൻ, മധുസൂദനൻ എന്നിവർക്ക് വേണ്ടിയാണ് ആധാരങ്ങൾ ചെയ്തത്. സതീശൻ്റെ ദുരൂഹ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ജോഫി കൊള്ളന്നൂർ വ്യക്തമാക്കുന്നു. 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചത് ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ്. കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്‍റെ ബെനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കിൽ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടരുകയാണ്. തൃശ്ശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്ത് പുലർച്ചെ രണ്ട് മണി വരെയാണ് നീണ്ടത്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് ശേഷം കണ്ണൻ പ്രതികരിച്ചു.

ഇ ഡി ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങൾ തേടുകയാണ് ചെയ്യുന്നതെന്ന് കണ്ണൻ പറഞ്ഞു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു. തന്നോട് ബാങ്കിലെത്താൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. തൃശൂര്‍ സഹകരണ ബാങ്കിൽ സതീശന് ചെറിയ നിക്ഷേപങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ഇഡി പുറത്ത് വിട്ടിരുന്നു. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളാണ് ഇഡി പിടികൂടിയത്. എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണവും പണവും പിടിച്ചെടുത്തിട്ടുണ്ട്. 800 ഗ്രാം സ്വർണവും 5.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകളാണ് കണ്ടെത്തി. 

പ്രതികൾ നടത്തിയ ബെനാമി രേഖകളുടെ തെളിവുകളും ഇ ഡി സംഘത്തിന് ലഭിച്ചു. മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകൾ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്.

കരുവന്നൂരിലെ ഇഡി റെയ്ഡ്; ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണം, വിവരങ്ങൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്