Asianet News MalayalamAsianet News Malayalam

രണ്ടില ചിഹ്നം ജോസിന്; പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമർപ്പിച്ച ഹർജി കോടതി തള്ളി

Jose fraction kerala congress gets two leaf symbol PJ Joseph plea rejected by court
Author
Kottayam, First Published Nov 20, 2020, 2:03 PM IST

കൊച്ചി: കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന തർക്കത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. 

കേസിൽ വാദം കേട്ട ഹൈക്കോടതി, ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, വസ്തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾ ഫാനുമാണ് കമ്മീഷൻ അനുവദിച്ച ചിഹ്നം. എന്നാൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ജോസ് വിഭാഗത്തിന് തങ്ങൾക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത്. അതേസമയം നിയമപോരാട്ടം ഇവിടെ അവസാനിക്കാനും സാധ്യതയില്ല. അപ്പീലുമായി പിജെ ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയോ റിവിഷൻ ഹർജി സമർപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്.

Follow Us:
Download App:
  • android
  • ios