കോട്ടയം: രണ്ടില ചിഹ്നം കിട്ടിയതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളാ കോൺഗ്രസ് ജോസ് പക്ഷം. യഥാർത്ഥ കേരളാ കോൺഗ്രസ് ആരാണെന്നുള്ള തർക്കങ്ങൾക്കും ഇതോടെ വിരമമാകുകയാണ്. രണ്ടിലയില്‍ വോട്ട് ചോദിക്കുമ്പോള്‍ വിജയസാധ്യത വര്‍ദ്ധിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്.

കേരളാ കോൺഗ്രസിന്‍റെ അഭിമാനമാണ് രണ്ടില ചിഹ്നം. പാലായിൽ നഷ്ടപ്പെട്ട രണ്ടില തിരികെ കിട്ടുമ്പോൾ തെരഞ്ഞെടുപ്പ് ഫലങ്ങളിലും മാറ്റം പ്രതീക്ഷിക്കുകയാണ് ജോസ് പക്ഷം. പാലായില്‍ രണ്ടിലയില്ലാത്തത് കനത്ത തിരിച്ചടിയായിരുന്നു. ഒരിക്കല്‍ കൂടി രണ്ടിലയില്ലാതെ മത്സരിക്കേണ്ടി വരുമോ എന്ന ആശങ്കയും സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നു. ഹൈക്കോടതി വിധി അനുകൂലമായതോടെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ആവേശത്തിലാണ്.ചിഹ്നമെഴുതാതെ ഒഴിച്ചിട്ടിരുന്ന സ്ഥലങ്ങളിലെല്ലം രണ്ടില ചിഹ്നം വരച്ച് തുടങ്ങി.

ചിഹ്നം കിട്ടിയതോടെ ജോസഫ് പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ മടങ്ങിയെത്തുമെന്ന കണക്ക് കൂട്ടലിലാണ് ജോസ് ക്യാമ്പ്. കേരളാ കോണ്‍ഗ്രസ് എന്ന പേര് ഉപയോഗിക്കാമെന്നതും ഗുണം ചെയ്യും. ബാലറ്റില്‍ രണ്ടില ജോസിനൊപ്പമായത് ജോസഫിന് കനത്ത തിരിച്ചടിയാണ്. പരമ്പരാഗത കേരളാ കോണ്‍ഗ്രസ് വോട്ടുകളിലും വിള്ളലുണ്ടാകും.