ജോസഫ് പക്ഷത്ത് നിന്നുള്ള അംഗം ദീപു ഉമ്മൻ അഞ്ചംഗ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് പരാജയപ്പെടാൻ കാരണം

പത്തനംതിട്ട: ജോസ് കെ.മാണി - ജോസഫ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പത്തനംതിട്ട നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമായി. ജോസഫ് പക്ഷത്തെ അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ എൽഡിഎഫ് അംഗം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തെത്തി.

മുൻ ധാരണ പ്രകാരം അദ്ധ്യക്ഷയായിരുന്ന ബിജിമോൾ മാത്യു രാജിവെച്ചിരുന്നു. തുടർന്ന് ഷൈനി ജോർജിന്‍റെ പേര് പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് യു.ഡിഎഫ് നിർദേശിച്ചു. എന്നാൽ ജോസഫ് പക്ഷത്ത് നിന്നുള്ള അംഗം ദീപു ഉമ്മൻ അഞ്ചംഗ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ എൽ‍ഡിഎഫിനും യുഡിഎഫിനും രണ്ടുവീതം അംഗങ്ങളായി. നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ ശോഭ കെ മാത്യു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ആകെയുള്ള നാല് കേരളാ കോൺഗ്രസ്സ് അംഗങ്ങളിൽ മൂന്ന് പേരും ജോസ് കെ മാണി പക്ഷത്താണ്. തർക്കം പരിഹരിക്കാൻ യു.ഡി.എഫ് മുൻകൈ എടുക്കാത്തതിൽ മുന്നണിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്.