പാലാ: ജോസ് കെ മാണി പക്ഷം തന്‍റെ നേതൃത്വം അംഗീകരിച്ചാല്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കാമെന്ന നിലപാടിലുറച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ജോസ് പക്ഷം വേണ്ട വിധത്തില്‍ തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജോസഫ് പറയുന്നത്. യുഡിഎഫ് നേതാക്കളടക്കം  ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതില്‍ വേദനയുണ്ടെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.

32 വര്‍ഷമായി പാലായിലെ ജനങ്ങള്‍ കെ എം മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നല്‍കില്ലെന്ന് വാശി പിടിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നാണ് ജോസ് കെ മാണി പറയുന്നത്. താനും മറ്റ് യുഡിഎഫ് നേതാക്കളും പലവട്ടം ആവശ്യപ്പെട്ടിട്ടും ചിഹ്നം വിട്ടുനല്‍കില്ലെന്നാണ് ജോസഫ് നിലപാടെടുത്തതെന്നും അദ്ദേഹം പറയുന്നു. ഇത് വൈകാരികതയുടെ കൂടി കാര്യമാണെന്ന നിലപാടിലാണ് ജോസ് പക്ഷം. 

എന്നാല്‍, തന്നെ ചെയര്‍മാനായി അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് പി ജെ ജോസഫ്. തന്നെ ചെയർമാന്റെ ചുമതലയുള്ള വർക്കിംഗ്‌ ചെയര്മാന് ആയി അംഗീകരിച്ച് അപേക്ഷ നൽകിയാൽ ചിഹ്നം സംബന്ധിച്ചു തീരുമാനം പുനഃപരിശോധിക്കാം എന്ന് യുഡിഫ് നേതൃത്വത്തെ  അറിയിച്ചിരുന്നതായി ജോസഫ് പറഞ്ഞു. ആ രീതിയിലുള്ള നടപടിക്ക് അവർ സന്നദ്ധരാകാത്ത സാഹചര്യത്തിൽ രണ്ടില ചിഹ്നം നൽകാനാകില്ല. സ്ഥാനാർഥി യുഡിഫ് സ്വതന്ത്രനായി മത്സരിക്കണമെന്നും ജോസഫ് പറഞ്ഞു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. തെര‍ഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ റോഷി അഗസ്റ്റിൻ വിളിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കും. എപ്പോള്‍ വേണമെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നേരില്‍ക്കാണാന്‍ തയ്യാറാണെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.