കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. ജോസ് പക്ഷം ഉടൻ സ്ഥാനം രാജിവെക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്.  ഇല്ലെങ്കിൽ അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നതിനെ പറ്റിയും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി അടിയന്തര യോഗം വിളിച്ചു. ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് കോട്ടയത്ത് ചേരും.

പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തിൽ കോണ്‍ഗ്രസ് ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്. മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസിന്‍റെ പരസ്യ നിലപാട് അംഗീകരിക്കാനാകില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. 

നിലപാടിൽ മാറ്റമില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്തിൽ രാജിയില്ലെങ്കിൽ അവിശ്വാസം അല്ലെങ്കിൽ ജോസ് പക്ഷത്തിനെതിരെ പരസ്യ നിലപാട് എടുക്കും. മുന്നണി തീരുമാനം അംഗീകരിക്കാതെ ജോസ് പക്ഷം നടത്തുന്ന നീക്കം അംഗീകരിക്കേണ്ടെന്നാണ് ലീഗീന്‍റെയും മറ്റ് ഘടകക്ഷികളുടേയും അഭിപ്രായം.